വിദേശസർവകലാശാലകൾ എങ്ങനെ വരും? വന്നാൽ ഗുണമെന്ത്? എല്ലാത്തിനും കൃത്യം മാനദണ്ഡങ്ങൾ നിർദേശിച്ച് യുജിസി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ സർവകലാശാലകൾ വരുന്നത് സംബന്ധിച്ചുള്ള രാഷ്ട്രീയ സംവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് അത് തിരിച്ചടിയാകുമോ എന്ന ആശങ്ക പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ വിദേശ സർവകലാശാലകൾ വന്നാൽ എങ്ങനെ അഡ്മിഷൻ എടുക്കാം. അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് ഇങ്ങനെയുള്ള ചിന്തകളാണ് വിദ്യാർത്ഥികൾക്കിടയില്‍ സജീവമാകുന്നത്. ഈ സാഹചര്യത്തിൽ വിദേശ സർവകലാശാലാ ക്യാമ്പസുകൾ ആരംഭിക്കുന്നതെങ്ങനെയെന്നും, അതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും, എങ്ങനെ അവിടെ പഠിക്കാമെന്നും പരിശോധിക്കാം.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) വിദേശ സർവകലാശാലകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നത് . യുജിസി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അംഗീകരിച്ച് മാത്രമേ വിദേശ സർവകലാശാലകൾ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാന്‍ കഴിയൂ. കൂടാതെ ഏത് സംസ്ഥാനത്താണോ സര്‍വകലാശാല തുടങ്ങുന്നത് ആ സംസ്ഥാനത്തിന്റെ അനുമതിയും വേണം. ഇതാണ് കേരളത്തില്‍ വിദേശ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള തടസവും. സർവകലാശാലകളാണെങ്കിൽ അന്താരാഷ്ട്ര റാങ്കിങ്ങില്‍ ആദ്യ 500നകത്ത് ഉൾപ്പെടണം എന്നതാണ് യുജിസി നിര്‍ദേശിക്കുന്ന പ്രധാന യോഗ്യത. ഇനി വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണെങ്കിൽ സ്വദേശത്ത് മികച്ച പേരെടുത്തവയാകണം. ഈ യോഗ്യത ഉണ്ടെങ്കിൽ യുജിസി സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, സൗകര്യങ്ങള്‍, കോഴ്സുകൾ, ഫീസ്, സാമ്പത്തിക ശ്രോതസ് തുടങ്ങി എല്ലാ വിവരങ്ങളും സഹിതമാണ് അപേക്ഷിക്കേണ്ടത്. ഇത് മാത്രമല്ല ക്യാമ്പസ് ആരംഭിച്ച ശേഷം ഏതെങ്കിലും സാഹചര്യത്തിൽ അടച്ചുപൂട്ടിയാൽ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ ബദൽ എന്താണെന്നും അപേക്ഷക്കൊപ്പം അറിയിക്കണം.

വിദ്യാഭ്യാസ നിലവാരവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സർട്ടിഫിക്കറ്റിന്റെ മൂല്യവും വിദേശത്തുള്ള പ്രധാന ക്യാമ്പസിൽ നിന്ന് ലഭിക്കുന്നതിന് സമാനമായിരിക്കണമെന്നും യുജിസി നിർദേശിക്കുന്നു. പത്തുശതമാനത്തിൽ കൂടുതൽ കോഴ്സുകൾ ഓൺലൈനായി നടത്താൻ അനുമതിയില്ല. അപേക്ഷ സമർപ്പിച്ച ശേഷം അത് പരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കും. കമ്മിഷന്റെ കീഴിലുള്ള സ്റ്റാൻഡിങ് കമ്മിറ്റി വിശദമായ പഠനം നടത്തി 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകുന്നത്. പത്തു വർഷത്തേക്കാണ് അനുമതി നൽകുന്നത്. സീറ്റ് സംവരണം സംബന്ധിച്ചുള്ള നിർദേശങ്ങൾ മാനദണ്ഡങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല. ‘ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട്’ പ്രകാരം വിദേശ ഫണ്ട് സ്വീകരിക്കാനും, കൈമാറ്റം ചെയ്യാനും, അക്കൗണ്ട് തുറക്കാനും സർവകലാശാലകൾക്ക് അനുമതിയുണ്ട്.

വിദേശത്തെയും സ്വദേശത്തെയും വിദ്യാർത്ഥികൾക്ക് ഉതകുന്ന രീതിയിലായിരിക്കണം അഡ്മിഷൻ മാനദണ്ഡങ്ങൾ. കോഴ്‌സുകൾക്ക് അമിത ഫീസ് ഈടാക്കാതെ എല്ലാ വിദ്യാർത്ഥികൾക്കും സ്വീകാര്യമാകുന്ന തരത്തിൽ ക്രമീകരിക്കാൻ യുജിസി നിർദേശിക്കുന്നുണ്ട്. അനുയോജ്യരായവർക്ക് സ്കോളർഷിപ്പുകൾ നൽകണമെന്നും വ്യവസ്ഥയുണ്ട്. അധ്യാപകരെ നിയമിക്കാൻ വിദേശ സർവകലാശാലകൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നിലവാരമുള്ള അധ്യാപകരെ നിയമിക്കാൻ ബാധ്യസ്ഥരാണെന്ന് യുജിസി പറയുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ഡീക്കൻ, വുലന്‍ഗോങ് സർവകലാശാലാ ക്യാമ്പസുകൾ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ആരംഭിക്കാൻ അംഗീകാരം ലഭിച്ചിട്ടുണ്ട്.

രണ്ടോ രണ്ടിലധികമോ സർവകലാശാലകൾക്ക് ഒന്നിച്ച് ക്യാമ്പസ് തുടങ്ങാനും സൗകര്യമുണ്ട്. പക്ഷേ യുജിസി നിർദേശിച്ചിരിക്കുന്ന യോഗ്യത എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. നിലവിൽ ഐഐടി പോലുള്ള ചില സ്ഥാപനങ്ങളുമായി വിദേശ സർവകലാശാലകൾ ഉടമ്പടി ഒപ്പുവച്ചിട്ടുണ്ട്. ചില സർട്ടിഫിക്കറ്റ് കോഴ്സുകളും പ്രോഗ്രാമുകളും നടത്തുന്നുമുണ്ട്. വിദേശ സർവകലാശാലകൾ ക്യാമ്പസ് തുടങ്ങിയാൽ കൂടുതൽ വിദ്യാർത്ഥികൾക്ക് അത് ഗുണം ചെയ്യും. കൂടാതെ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം കുറയ്ക്കാനും വിദേശത്തേക്ക് പോകാൻ കഴിയാത്ത കുട്ടികൾക്ക് അതേ സൗകര്യം ഇന്ത്യയിൽ ലഭ്യമാക്കാനും ഇത് സഹായകമാകും. രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരം വലിയതോതിൽ ഉയർത്താൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top