പാസ്‌പോർട്ടിൽ ചായക്കറ; ദമ്പതികളെ വിമാനത്തിൽ കയറ്റിയില്ല

പാസ്‌പോർട്ടിൽ ചായക്കറ വീണതിനാൽ വിമാനത്തിൽ കയറ്റിയില്ലെന്ന പരാതിയുമായി യുകെ ദമ്പതികൾ. റോറി അലനും നീന വിൽക്കിൻസും സ്പെയിനിലെ കോസ്റ്റ ബ്രാവയിൽ പോകാനാണ് വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ, പാസ്‌പോർട്ടിലെ ചായ കറ കാരണം ബോർഡിങ് ഗേറ്റിൽവച്ച് ദമ്പതികളെ തിരിച്ചയച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഈസ്റ്റ് മിഡ്‌ലാൻഡ് വിമാനത്താവളത്തിൽ എത്തിയ ദമ്പതികൾ റയാനെയർ ചെക്ക്-ഇൻ ഡെസ്‌കിൽ പാസ്‌പോർട്ട് പരിശോധനകൾക്കുശേഷം ബോർഡിങ് ഗേറ്റിലേക്ക് പോയി. അവിടെ എത്തിയപ്പോഴാണ് പ്രശ്നമുണ്ടായത്. ഒരു റയാൻ എയർ മാനേജർ നീന വിൽക്കിൻസിന്റെ പാസ്‌പോർട്ട് പരിശോധിക്കുകയും ചായ കറ കാരണം അവരെ വിമാനത്തിൽ കയറ്റില്ലെന്ന് അറിയിച്ചതായും അലൻ അവകാശപ്പെട്ടു.
ഈ വർഷം തന്നെ ഇതേ പാസ്പോർട്ട് ഉപയോഗിച്ച് വിൽക്കിൻസ് വിദേശത്തേക്ക് പോയിരുന്നു. ഇപ്പോൾ വിമാനത്തിൽ കയറാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്ന് അലൻ വ്യക്തമാക്കി. പിന്നീട് ഇതേ പാസ്പോർട്ട് ഉപയോഗിച്ച് ജെറ്റ്2 വിമാനത്തിൽ യാത്ര ചെയ്തെന്നും അലൻ പറഞ്ഞു.
അതേസമയം, പാസ്‌പോർട്ടിൽ നിറവ്യത്യാസം കണ്ടെത്തിയതിനാലാണ് യാത്ര നിരസിച്ചതെന്ന് റയാൻഎയർ പറഞ്ഞു. യുകെ പാസ്‌പോർട്ട് ഓഫീസാണ് നിയമങ്ങൾ തയ്യാറാക്കിയതെന്നും തങ്ങളല്ലെന്നും വ്യക്തമാക്കി. പിന്നീട് റയാൻഎയർ മാനേജർ സംഭവത്തിൽ ക്ഷമാപണം നടത്തുകയും ഡെസ്ക് ക്ലർക്ക് ദമ്പതികളെ തടയാൻ പാടില്ലായിരുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here