യുക്രെയ്ൻ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു; റഷ്യയിലേക്ക് പോയത് കഴിഞ്ഞ ഏപ്രിലില്‍
റഷ്യന്‍ സൈന്യത്തിന് നേര്‍ക്കുണ്ടായ യുക്രെയ്ൻ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു. ബന്ധുക്കള്‍ക്കാണ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. ചന്ദ്രന്റെ മകന്‍ സന്ദീപ് (36) ആണ് റഷ്യന്‍ സൈന്യത്തിന് ഒപ്പമുണ്ടായിരുന്നത്. എംബസിയില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ. സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായാണ് സൂചന. അങ്ങനെ എങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇന്ത്യന്‍ എംബസിയുടെ സഹായമാണ് വീട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.
സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം റൊസ്‌തോവില്‍ കൊല്ലപ്പെട്ടതായാണ് തൃശൂര്‍ തൃക്കൂരിലെ സന്ദീപിന്റെ വീട്ടില്‍ അറിയിപ്പ് ലഭിച്ചത്. റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്‌സാപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് ബന്ധുക്കള്‍ വിവരം അറിയുന്നത്. ശനി, ഞായര്‍ ദിവസങ്ങള്‍ എംബസി അവധിയാണ്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു എഴു പേരും റഷ്യയിലേക്ക് പോയത്.
മോസ്‌കോയില്‍ റസ്റ്റോറന്റിലെ ജോലി എന്നാണ് വീട്ടില്‍ പറഞ്ഞത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പാസ്പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്നും പറഞ്ഞിരുന്നു. റഷ്യന്‍ സേനയുടെ ഭാഗമായ സന്ദീപ് സൈനിക പരിശീലനത്തില്‍ ആയിരുന്നതിനാല്‍ നാട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here