യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ പിന്തുണ ആവശ്യം; യുഎന്നില്‍ വിവരം അറിയിച്ച് യുക്രെയ്ൻ
റഷ്യ – യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള രണ്ടാം അന്താരാഷ്ട്ര സമാധാന ഉച്ചകോടിയിൽ ഇന്ത്യക്ക് ക്ഷണം. ഇന്ത്യയെ ക്ഷണിച്ച കാര്യം യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലൻസ്കി യുഎൻ രക്ഷാസമിതിയെ അറിയിച്ചു. രണ്ടാം സമാധാന ഉച്ചകോടി യുദ്ധം അവസാനിപ്പികുന്നതിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം എത്രയും വേഗത്തിൽ പരിഹരിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കുന്നതിനും ഇന്ത്യയുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം ആവർത്തിച്ചു. അമേരിക്കൻ സന്ദർശനത്തിനിടയിൽ ന്യൂയോർക്കിൽ വെച്ച് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രികഴിഞ്ഞ മാസം യുക്രെയ്ൻ സന്ദർശിച്ചിരുന്നു. സമാധാനം തിരികെ കൊണ്ടുവരുന്നതിന് എല്ലാ പിന്തുണയും സെലൻസ്കിക്ക് മോദി വാഗ്ദാനം ചെയ്തിരുന്നു. ഈ വർഷം ജൂൺ മാസത്തിൽ നടന്ന ഒന്നാം സമാധാന ഉച്ചകോടിയിലും ഇന്ത്യയുടെ പ്രതിനിധി പങ്കെടുത്തിരുന്നു. എന്നാൽ അതിലെടുത്ത നയരേഖകളിലൊന്നും ഒപ്പുവച്ചിരുന്നില്ല. സംഘർഷം ഒഴിവാക്കാൻ ഇരു രാജ്യങ്ങളുമായി സംസാരിക്കാൻ ഇന്ത്യ തയ്യാറാണ് എന്ന നിലപാടാണ് അന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
പ്രധാനമന്ത്രിയും യുക്രെയ്ന്‍ പ്രസിഡൻ്റുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ കഴിഞ്ഞയാഴ്ച ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്‌ളാഡിമിർ പുടിനുമായി പങ്കുവച്ചിരുന്നു. ബ്രിക്‌സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിനിടയിലായിരുന്നു ഇരുവരും ചർച്ച നടത്തിയത്. പ്രധാനമന്ത്രിയുടെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഡോവൽ റഷ്യക്ക് കൈമാറി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here