അന്ന് രാംചരണും ജൂനിയർ എൻടിആറും; ‘നാട്ട് നാട്ട്’ കൊട്ടാരത്തില്‍ കെട്ടിപ്പിടിച്ച് മോദിയും സെലൻസ്കിയും
ഇന്ത്യൻ സിനിമയ്ക്ക് ഓസ്കാർ സമ്മാനിച്ച ആർആർആർ സിനിമയിലുടെ സുപരിചിതമായ യുക്രെയ്നിലെ മാരിൻസ്കി കൊട്ടാരം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലൻസ്കി പ്രധാനമന്ത്രിയെ സ്വീകരിച്ചു. രാജ്യത്തിൻ്റെ സാംസ്കാരിക പൈതൃകത്തിൻ്റെ പ്രതീകമാണ് യുക്രെയ്നിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ഈ കൊട്ടാരം.
പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിൽ പ്രചാരത്തിലുണ്ടായിരുന്നതും പിന്നീട് യൂറോപ്പിൽ സ്വീകാര്യത ലഭിക്കുകയും ചെയ്ത ബറോക്ക് ശൈലിയിലാണ് കൊട്ടാരത്തിൻ്റെ രൂപകൽപന.. 1744ൽ സാർ ചക്രവർത്തിനിയായിരുന്ന എലിസവേറ്റ പെട്രോവ്നയാണ് കൊട്ടാരം നിർമിച്ചത്. പ്രാഥമിക രൂപകൽപന ഇറ്റാലിയൻ വാസ്തു വിദഗ്ധൻ ഫ്രാൻസിസ്കോ റാസ്ട്രെല്ലി തയാറാക്കി. അദ്ദേഹത്തിന്റെ ശിഷ്യൻ ഇവാൻ മിച്ചുരിന്റെ നേതൃത്വത്തിൽ 1752ൽ നിർമാണം പൂർത്തിയായി.
2022ൽ എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർആർആറിലെ ‘നാട്ട് നാട്ട്’ എന്ന ചിത്രീകരിച്ചത് മാരിൻസ്കിയിൽ ആയിരുന്നു. മികച്ച ഗാനത്തിനുള്ള ഓസ്കാറും പാട്ടിന് ലഭിച്ചിരുന്നു. യുക്രെയ്ൻ – റഷ്യ സംഘർഷം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്. കൊട്ടാരവും അതിൻ്റെ പരിസര പ്രദേശങ്ങളുമായിരുന്നു ഗാനരംഗത്തിൽ നിറഞ്ഞു നിന്നിരുന്നത്. രാംചരണും ജൂനിയർ എൻടി ആറുമായിരുന്നു പാട്ടിന് ചുവടുകള്‍ വച്ചത്.
1991 ൽ യുക്രെയ്നുമായി നയതന്ത്രബന്ധം തുടങ്ങിയ ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പോളണ്ടിൽ നിന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമൊപ്പം 10 മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്താണ് പ്രധാനമന്ത്രി യുക്രെയ്ൻ്റെ തലസ്ഥാനമായ കീവിൽ എത്തിയത്. റഷ്യ – യുക്രെയ്ൻ സംഘർഷത്തിൽ സമാധാനം പുനസ്ഥാപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയാവും. അതിനിടയിൽ ഇന്ത്യയും യുക്രെയ്നും നാല് കരാറുകളിൽ ഒപ്പുവച്ചു. കൃഷി, ഭക്ഷ്യ വ്യവസായം, ആരോഗ്യം, സംസ്‌കാരികം എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതാണ് നരേന്ദ്ര മോദിയും വോളോഡിമർ സെലെൻസ്കിയും ഒപ്പുവച്ച കരാറുകൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here