ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്; പുറത്തുവന്നത് സംഘാടനത്തിലെ ഗുരുതരപിഴവ്
![](https://www.madhyamasyndicate.com/wp-content/uploads/2025/01/uma-thomas.jpg)
കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. സംഘാടകരുടെ പിഴവാണ് അപകടം വരുത്തിവെച്ചത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ആദ്യം ഒരു സീറ്റില്‍ ഇരുന്ന ശേഷമാണ് എംഎല്‍എ മാറിയിരിക്കുന്നത്. വേദിക്ക് മുന്നില്‍ ഒട്ടും സ്ഥലമുണ്ടായിരുന്നില്ല. അടുത്ത സീറ്റിലേക്ക് മാറിയിരിക്കാന്‍ ശ്രമിക്കുമ്പോള്‍ എംഎല്‍എ താഴേക്ക് വീഴുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. റിബണ്‍ കെട്ടിയ വശം പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതും ഒപ്പം താഴേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇതുവരെ വരാത്ത ദൃശ്യങ്ങള്‍ പിന്നീട് എങ്ങനെ പുറത്തെത്തി എന്ന് വ്യക്തമല്ല.
Also Read: നൃത്തപരിപാടിയുടെ ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍; ഉമാ തോമസ് തീവ്രപരിചരണത്തില്‍ തുടരുന്നു
നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണം സംഘാടകര്‍ക്ക് എതിരെയുണ്ട്. ഈ പരാതിയില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേൽക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷൻ മാനേജിങ് ഡയറക്ടർ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ആണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരുക്കേറ്റത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് 12000 ഭരതനാട്യ നർത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിക്കായാണ് എത്തിയത്. 14 അടിയോളം ഉയരത്തില്‍ നിന്നാണ് വീണത്. കൊച്ചിയില്‍ ചികിത്സയില്‍ തുടരുകയാണ് എംഎല്‍എ.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here