ഉമ തോമസ് എംഎൽഎ ആശുപത്രി വിടുന്നു; ചികിത്സ ഇനിയെത്ര നാൾ… എല്ലാം നാളെ വിശദീകരിക്കും

ഉമ തോമസിനിത് രണ്ടാം ജന്മം എന്നുതന്നെ പറയാം. 14 അടിയിൽ ഉയരത്തിൽ നിന്ന് വീഴ്ച; ഒന്നരമാസത്തെ ആശുപത്രിവാസം; അതിലേറിയ പങ്കും വെന്റിലേറ്ററിലും ഐസിയുവിലും… ഇതിൽ നിന്നെല്ലാമാണ് തിരിച്ചെത്തുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ 26നാണ് കലൂർ സ്റ്റേഡിയത്തിൽ അപകടകരമായി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റത്. ആ വീഴ്ചയുടെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നപ്പോൾ കണ്ട് കേരളം വിറങ്ങലിച്ചു പോയതാണ്. 46 ദിവസത്തെ ചികിത്സക്കൊടുവിൽ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോൾ ആശുപത്രി വിടുന്നത്. ഫിസിയോതെറാപ്പി അടക്കം ചികിത്സകൾ ഇനി വീട്ടിൽ നിന്ന് ചെയ്യാമെന്നാണ് ധാരണ.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് 11,600 പെൺകുട്ടികളെ അണിനിരത്തി നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്കാണ് ഉമാ തോമസ് എത്തിയത്. രണ്ടാം നിലയിൽ സജ്ജീകരിച്ച താൽക്കാലിക സ്റ്റേജിലേക്ക് കയറിയ അവർ മുന്നോട്ടു നീങ്ങുമ്പോൾ താഴേക്ക് വീഴുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കാതെ സ്റ്റേഡിയം പരിപാടിക്ക് വിട്ടുനൽകിയ ജിസിഡിഐ യുടെ വീഴ്ച ചർച്ചയായെങ്കിലും പരിപാടിയുടെ സംഘാടകരെ അറസ്റ്റുചെയ്ത് വിവാദത്തെ പിടിച്ചുകെട്ടാൻ ഉത്തരവാദിത്തപ്പെട്ട എല്ലാവരും ശ്രദ്ധിച്ചു.

ചികിത്സ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നെങ്കിലും സർക്കാർ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ശ്വാസകോശത്തിനും തലച്ചോറിനുമേറ്റ പരുക്ക് സാരമുള്ളതായിരുന്നു. വാരിയെല്ല് തകർന്ന് ശ്വാസകോശത്തിൽ രക്തം കയറി കട്ട പിടിച്ചത് നീക്കുകയായിരുന്നു വെല്ലുവിളി. മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളെല്ലാം ഉമാ തോമസിനെ ആശുപ്രതിയിൽ സന്ദർശിച്ചു.

പാലാരിവട്ടത്തുള്ള സ്വന്തം വീട്ടിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാനുള്ളതിനാൽ പൈപ്പ്ലൈനിലെ വാടക വീട്ടിലേക്കാണ് മാറുക. ആശുപത്രി വിടുന്നതിനു മുൻപു ഡോക്ടർമാർക്കൊപ്പം എംഎൽഎ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top