സമസ്ത-ലീഗ് ബന്ധം വീണ്ടും വഷളാകുന്നു; സാദിഖലി തങ്ങള്‍ക്ക് എതിരെ ഒളിയമ്പുമായി ഉമര്‍ ഫൈസി; ലീഗിലും അമര്‍ഷം

ഇടക്കാലത്തെ യോജിപ്പിന് ശേഷം മുസ്ലിം ലീഗും സമസ്തയും ഇടയുന്നു. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്ക് അതിരൂക്ഷമായ വിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി രംഗത്ത് വന്നതോടെയാണ് ലീഗും സമസ്തയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലേക്ക് എത്തുന്നത്.

വിവരമില്ലാത്ത പലരും ഖാസിമാര്‍ ആയിട്ടുണ്ടെന്നും ഖാസി ഫൗണ്ടേഷന്‍ എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി സമസ്തയെ വെല്ലുവിളിക്കുകയാണെന്നും ഉമര്‍ ഫൈസി കുറ്റപ്പെടുത്തി. അതിര് കടന്നാല്‍ തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം സാദിഖലി തങ്ങള്‍ക്ക് നല്‍കി.

മലപ്പുറം എടവണ്ണപ്പാറയിലെ സമസ്ത സമ്മേളനത്തിലായിരുന്നു പ്രസംഗം. ഉമര്‍ ഫൈസിയുടെ പ്രതികരണത്തില്‍ ലീഗിനുള്ളില്‍ അമര്‍ഷമുണ്ട്.
“വിവരമില്ല എനിക്ക് ഖാസിയാകണം, ആക്കിക്കോളി എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും? അങ്ങനെ ഖാസിയാക്കാന്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ചിലര്‍ തയ്യാറാണ്.’ സാദിഖലി തങ്ങളുടെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു.

“ഖാസിയാകാന്‍ ഇസ്ലാമിക നിയമങ്ങളുണ്ട്. അത് പാലിക്കാതെ പലരും ഖാസിയാകുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ജനങ്ങളോട് ചിലത് തുറന്നുപറയും. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നത്. ഉപയോഗിക്കാന്‍ കയ്യില്‍ ആയുധങ്ങളുണ്ട്‌. ആവശ്യമായ ഘട്ടത്തില്‍ അത് എടുത്ത് ഉപയോഗിക്കും. സഹകരിച്ച് പോവുകയാണ് നല്ലത്.” ലീഗിന് മുന്നറിയിപ്പ് നല്‍കി അദ്ദേഹം പറഞ്ഞു.

സമസ്തയുടെ വിലക്ക് തള്ളി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസിന്റെ ജനറല്‍ സെക്രട്ടറിയായി ഹക്കീം ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തതും ഖാസി ഫൗണ്ടേഷന്റെ പേരില്‍ വിവിധ സ്ഥലങ്ങളില്‍ സമ്മേളനങ്ങളും കൂട്ടായ്മകളും നടത്തുന്നതുമാണ് സാദിഖലി തങ്ങള്‍ക്ക് എതിരെ ഉമര്‍ ഫൈസി തിരിയാന്‍ കാരണം. ഇത് സമസ്തക്ക് എതിരെയുള്ള നീക്കമായാണ് ഒരു വിഭാഗം കാണുന്നത്.

ഇതില്‍ സമസ്തയിലും ഭിന്നതയുണ്ട്. ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ എസ് വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി പദവിയില്‍ ഇരിക്കുന്ന അദ്ദേഹം ഇത്തരമൊരു വിമര്‍ശനം ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top