പ്രതിഷേധിച്ച് യുഎന്നും; രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശം സംരക്ഷിക്കപ്പെടണം; കേജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ

ഡല്‍ഹി : ജര്‍മ്മനിക്കും അമേരിക്കയ്ക്കും പിന്നാലെ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭയും. രാഷ്ട്രീയ പാര്‍ട്ടികളുടേയും പൗരന്‍മാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് വ്യക്തമാക്കി. ഇന്ത്യയില്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പാണ് പ്രതീക്ഷിക്കുന്നത്. കേജ്‌രിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലുമാണ് യുഎന്നിന്റെ പ്രതികരണം.

കേജരിവാളിന്റെ അറസ്റ്റില്‍ ജര്‍മ്മനിയും അമേരിക്കയും നേരത്തെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അറസ്റ്റില്‍ സുതാര്യമായ നിയമപ്രക്രിയ വേണമെന്നായിരുന്നു ഇരു രാജ്യങ്ങളും പ്രതികരിച്ചത്. തിരഞ്ഞടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ലെന്ന് യുഎസ് വക്താവ് മാത്യു മില്ലര്‍ പ്രതികരിച്ചിരുന്നു.

അമേരിക്കയുടേയും ജര്‍മ്മനിയുടേയും നിലപാടിനോട് രൂക്ഷമായാണ് ഇന്ത്യ പ്രതികരിച്ചത്. യുഎസിന്റെ ഇന്ത്യയിലെ മിഷന്‍ ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഗ്ലോറിയ ബെര്‍ബെനയെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയച്ചത്. സമാന രീതിയില്‍ ജര്‍മ്മന്‍ മിഷന്‍ ഡെപ്യൂട്ടി ചീഫിനേയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top