ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്; ക്രിസ്ത്യാനികള്‍ ‘ഘര്‍വാപ്പസി’ നടത്തണമെന്ന് സംഘപരിവാര്‍ ഭീഷണി

ഛത്തീസ്ഗഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ക്രൈസ്തവര്‍ക്ക് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി. ഗോത്രവര്‍ഗ ക്രൈസ്തവര്‍ താമസിക്കുന്ന ബസ്തര്‍ ജില്ലയിലാണ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് ഹിന്ദു വിശ്വാസത്തിലേക്ക് ഗോത്രവര്‍ഗക്കാര്‍ (ഘര്‍വാപ്പസി) മടങ്ങി വരണമെന്നാണ് പരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടുന്നത്.

കഴിഞ്ഞ മാസം ക്ഷയരോഗം ബാധിച്ചു മരിച്ച ക്രിസ്ത്യാനിയായ ഒരാളുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് ലോണ്ടിഗുഡ ഗ്രാമത്തിലുണ്ടായ അസ്വസ്ഥതകളാണിപ്പോള്‍ രൂക്ഷമായിരിക്കുന്നത്. നാന്നൂറിലധികം വരുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ആവലാതികളില്‍ ഇടപെടാതെ പോലീസ് മാറി നില്‍ക്കയാണ്. ആദിവാസി ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്നാരോപിച്ച് 23 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വില്ലേജോഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെന്നാണ് തഹസീല്‍ദാര്‍ പറയുന്നത്.

മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങള്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള അടിപിടിയിലേക്കെത്തിയിരുന്നു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ ഗ്രാമത്തില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും കൊന്നുകളയുമെന്ന് ഭീഷണിയുണ്ടെന്നും ഗ്രാമവാസികള്‍ ആരോപിക്കുന്നു. ഗ്രാമത്തിലെ ഏഴു പേര്‍ പരിവാര്‍ സംഘടനകളുടെ ഭീഷണിക്കെതിരായി പോലീസിനെ സമീപിച്ചെങ്കിലും അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ല. പരാതിക്കാരെ പ്രതിചേര്‍ത്ത് കേസെടുക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിനിടയില്‍ 23 ക്രൈസ്തവ കുടുംബങ്ങളെ അനധികൃത ഭൂമി കൈയ്യേറ്റവും നിര്‍മ്മാണങ്ങളും നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

കലുഷിതമായ സാഹചര്യത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ എങ്ങനെ നടത്തുമെന്ന അശങ്കയിലാണ് ക്രസ്ത്യാനികള്‍. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലും ചത്തീസ് ഗഡിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പലയിടങ്ങളിലും വിലക്കേര്‍പ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top