‘ലേലു അല്ലു, ലേലു അല്ലു’; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം കൊടുക്കില്ലെന്ന് പതഞ്ജലി; സുപ്രീംകോടതി കഴുത്തിന് പിടിച്ചപ്പോൾ നിരുപാധികം മാപ്പ് പറഞ്ഞ് ബാബാ രാംദേവ്
ന്യൂഡൽഹി: ആയുർവേദ മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിനെതിരെ സുപ്രീം കോടതി സ്വീകരിച്ച കടുത്ത നിലപാടും അതിരൂക്ഷ വിമർശനവും താങാനാകാതെ പതഞ്ജലി ആയുർവേദ കമ്പനി നിരുപാധികം മാപ്പ് പറഞ്ഞു. സുപ്രീംകോടതി നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ സംഘപരിവാർ ബന്ധമൊന്നും തുണയ്ക്കില്ലെന്ന് ഉറപ്പായതോടെയാണ് കീഴടങ്ങൽ. ഉപഭോക്തക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവിനും രാംദേവിനും ബാലകൃഷ്ണയ്ക്കും പലവട്ടം സുപ്രീം കോടതി നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും അവഗണിക്കുകയായിരുന്നു.
ഒടുവിലാണ് ഇരുവരെയും നേരിട്ട് വിളിച്ചുവരുത്തി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിൽ മാപ്പ് പറഞ്ഞ് പത്രങ്ങളിൽ പരസ്യം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നിട്ടും പേരിനൊരു മാപ്പു പരസ്യം നൽകി തലയൂരാൻ ശ്രമിച്ചതിനെതിരെ കോടതി വീണ്ടും നിലപാട് കടുപ്പിച്ചു. സൂക്ഷ്മ ദർശിനി ഉപയോഗിച്ച് പരസ്യം വായിക്കേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ അതേ വലിപ്പത്തിൽ തന്നെ വീണ്ടും നല്കണമെന്നും കോടതി അന്ത്യശാസനം നൽകിയതോടെയാണ് പ്രധാന പത്രങ്ങളിൽ ഇന്ന് കാൽപേജ് മാപ്പ് അപേക്ഷ പരസ്യം ചെയ്തത്. തെറ്റ് ആവർത്തിക്കില്ലെന്നും നിയമവ്യവസ്ഥയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും പരസ്യത്തിൽ പറഞ്ഞിട്ടുണ്ട്. തെറ്റുകൾ ആവർത്തിക്കില്ലെന്നും സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങളും ഉത്തരവുകളും ആത്മാർത്ഥമായി അനുസരിക്കുമെന്നും ആണ് ഗത്യന്തരമില്ലാതെ രാംദേവും ബാലകൃഷ്ണയും പേരുവെച്ച് പ്രസിദ്ധീകരിച്ച പരസ്യത്തിൽ പറയുന്നത്.
ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് ആയുവേദ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ പരാതിയിലാണ് സുപ്രീം കോടതി രാംദേവിനും കമ്പനിക്കുമെതിരെ കർശന നിലപാട് സ്വീകരിച്ചത്. പരസ്യങ്ങള്‍ നിറുത്തി വയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും തുടരുന്നതായി കണ്ടെത്തിയിരുന്നു. ഇത് കോടതിയെ വെല്ലുവിളിക്കലാണെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി മുഖേന എഴുതിനല്‍കിയതും നേരിട്ട് പറഞ്ഞതുമായ മാപ്പപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.
മോദി സർക്കാർ അധികാരത്തിൽ വന്ന 2014ന് ശേഷമാണ് പതഞ്ജലി ആയുർവേദ കമ്പനി തഴച്ചുവളരാൻ തുടങ്ങിയത്. ബിജെപിയുടേയും കേന്ദ്ര സർക്കാരിൻ്റേയും പരിലാളനകൾ ഉള്ളതുകൊണ്ട് തന്നെ ഉപഭോക്താക്കളെ കബളിപ്പിക്കും വിധത്തിലുള്ള പരസ്യങ്ങൾ മാധ്യമങ്ങളിലൂടെ നൽകുന്നതും പതിവായിരുന്നു. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് ചില ഗുരുതര രോഗങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കമ്പനി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കോടതി നടപടിക്കു ശേഷവും രാംദേവ് അവകാശവാദം നടത്തിയെന്ന് ഐഎംഎയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരും കണ്ണടയ്ക്കുകയാണെന്ന് ഇതോടെ കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് നിരുപാധിക മാപ്പപേക്ഷ പ്രസിദ്ധീകരിക്കാൻ ബാബാ രാംദേവ് തയ്യാറായത്.
പതഞ്ജലി ആയുർവേദ ലിമിറ്റഡിന് 50,000 കോടിയിലധികം രൂപയുടെ വിറ്റുവരവുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2019ൽ രുചി സോയ പ്രോഡക്ട്സ് എന്ന കമ്പനി രാംദേവ് ഏറ്റെടുത്ത ശേഷം പതഞ്ജലി എന്ന പേരിൽ പുനഃർനാമകരണം ചെയ്താണ് മാർക്കറ്റിൽ വൻകുതിപ്പ് നടത്തിയത്. രാജ്യവ്യാപകമായി പതഞ്ജലി സ്റ്റോറുകൾ തുറക്കുകയും വൻകിട കമ്പനികളെ വെല്ലുവിളിക്കുന്ന വിധത്തിലേക്ക് ഉയരുകയും ചെയ്തു. ഈ കുതിപ്പിന് കേന്ദ്ര സർക്കാരിൻ്റെ നിർലോഭ പിന്തുണയും സംരക്ഷണവും ഉണ്ടായിരുന്നു. പതഞ്ജലി ഉൽപ്പന്നങ്ങളെക്കുറിച്ച് ആയുഷ് മന്ത്രാലയത്തിന് പലതരം പരാതികൾ ലഭിച്ചിട്ടു പോലും നടപടി ഉണ്ടായില്ല. ഒടുവിൽ സുപ്രീം കോടതി വടി എടുക്കേണ്ടി വന്നു കാര്യങ്ങൾ നേർവഴിക്ക് വരാൻ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here