‘കോടതി ഉത്തരവിന്‍റെ മറവില്‍ റാങ്ക് ലിസ്റ്റ് അട്ടിമറിക്കുന്നു’; നീക്കം കോടതിയലക്ഷ്യത്തില്‍ നിന്നും രക്ഷ തേടലോ

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് മറികടന്ന് ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക (എച്ച്എസ്ടി) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകൾ സർക്കാർ അട്ടിമറിക്കുന്നതായി ആരോപണം. 2021ലെ 639 ഇംഗ്ലീഷ് തസ്തികകൾ സൃഷ്ടിക്കണമെന്ന കോടതി ഉത്തരവിൻ്റെ മറവിലാണ് നീക്കം. സ്ഥിരം തസ്തികയാണോ താല്ക്കാലിക തസ്തികയാണോ എന്ന് കോടതി വ്യക്തമാക്കാത്ത സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതിന്‍റെ ഭാഗമാണ് സർക്കാർ തീരുമാനമെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. കോടതിയലക്ഷ്യ നടപടികളിൽ ഒഴിവാക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളുടെ സംയോജനം സംബന്ധിച്ച് പ്രത്യേക ചട്ടങ്ങൾ രൂപീകരിച്ചതിന് ശേഷം മാത്രമേ സ്റ്റാഫ് ഫിക്സേഷനും സൃഷ്ടിക്കേണ്ട സ്ഥിരം തസ്തികകളും സംബന്ധിച്ച് സർക്കാരിന് അന്തിമ തീരുമാനം എടുക്കാനാകുവെന്ന് പി.എസ്.സി കേന്ദ്രങ്ങൾ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളുകളിൽ 639 താൽക്കാലിക ഇംഗ്ലീഷ് അധ്യാപക തസ്തിക (എച്ച്എസ്ഇ) സൃഷ്ടിക്കാനാണ് മന്ത്രിസഭാ തീരുമാനം. മൂന്നോ നാലോ ഡിവിഷനുകളുള്ള ഹൈസ്‌കൂളുകളിൽ കരാർ, ദിവസവേതനത്തിലായിരിക്കും നിയമനം. ഹൈസ്‌കൂളുകളിൽ കൂടുതൽ ഇംഗ്ലീഷ് അധ്യാപക തസ്തിക സൃഷ്ടിക്കണമെന്ന 2021 ലെ ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

നിലവിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ചിൽ താഴെ ഡിവിഷനുകൾ ഉള്ളതിനാൽ മറ്റ് വിഷയങ്ങളിൽ യോഗ്യതയുള്ള അധ്യാപകരാണ് 600-ലധികം സ്‌കൂളുകളിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. 2021-ൽ ഹൈസ്‌കൂളുകളിൽ ഇംഗ്ലിഷ് അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് ഡിവിഷനുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയല്ലെന്നും പിരീഡുകളുടെ അടിസ്ഥാനത്തിൽ വേണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് രണ്ടുവർഷത്തിലേറെയായി നടപ്പാക്കാതെ സർക്കാർ പുതിയ ഉത്തരവിലൂടെ കോടതിയേയും തെറ്റിദ്ധരിപ്പിക്കുകയാണ്. ആവശ്യമായ തസ്തികകൾ സൃഷ്‌ടിക്കുന്നതിനുള്ള 2021ലെ ഉത്തരവ് നടപ്പാക്കാത്തതിന് സർക്കാരിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിന് രണ്ടാഴ്ച്ച മുമ്പാണ് നവംബറിൽ താത്കാലിക തസ്തികകൾ സൃഷ്‌ടിക്കുന്നതിനുള്ള ഉത്തരവ് സർക്കാർ തിടുക്കപ്പെട്ട് പുറപ്പെടുവിച്ചതെന്ന് ഉദ്യോഗാർത്ഥികൾ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

കെഇആർ ഭേദഗതി അനുസരിച്ച് മറ്റു ഭാഷാ വിഷയങ്ങളെ പോലെ ഇംഗ്ലീഷിനും പ്രത്യേകം തസ്തികകൾ സൃഷ്ടിക്കണമെന്നാവശ്യപ്പെട് ആവശ്യപ്പെട്ട് 2018ലാണ് വിവിധ പേരൻ്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (പിടിഎ) പ്രതിനിധികൾ ഹൈക്കോടതിൽ ഹർജി നൽകിയത്. 2021ൽ 639 ഇംഗ്ലീഷ് തസ്തികകൾ സൃഷ്ടിക്കണമെന്ന് കോടതി ഉത്തരവിട്ടു. 2022-23 അക്കാദമിക വർഷം തസ്തിക സൃഷ്ടിക്കാമെന്ന് കോടതിയെ സർക്കാർ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇത് കോടതി അലക്ഷ്യമായി വന്നപ്പോൾ 2023-24 കാലയളവിൽ തസ്തികകൾ സൃഷ്ടിക്കുമെന്ന് സർക്കുലർ പുറത്തിറക്കുകയായിരുന്നു.

തുടർന്ന് ഇംഗ്ലീഷിനെ ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്കൂൾ അധ്യാപക തസ്തിക അനുവദിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. മറ്റ് ഭാഷാ വിഷയങ്ങൾക്ക് തസ്തിക അനുവദിക്കുന്ന തരത്തിൽ പിരീഡ് അടിസ്ഥാനത്തിൽ ഇംഗ്ലീഷിനും തസ്തിക അനുവദിക്കുമെന്നായിരുന്നു തീരുമാനം. മുൻപ് ഡിവിഷനുകളുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലീഷ് തസ്തിക അനുവദിച്ചിരുന്നത്. 2023-24 അധ്യയനവർഷത്തെ തസ്തിക നിർണയത്തിലൂടെ അഞ്ചോ അതിലധികമോ ഡിവിഷനുകളുള്ള സ്കൂളുകളിൽനിന്ന് തസ്തികനഷ്ടം വന്ന് പുറത്തുപോകുന്ന ഇംഗ്ലീഷ് അധ്യാപകരെ നിലനിർത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. പുതിയ റാങ്ക് പട്ടികയിലുള്ളവർക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്നായിരുന്നു ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ . തസ്തികനിർണയം പൂർത്തിയാകുന്നതോടെ ഇംഗ്ലീഷ് അധ്യാപക ഒഴിവുകളിൽ വർധനയുണ്ടാകുമെന്ന റാങ്ക് ജേതാക്കളുടെ പ്രതീക്ഷയാണ് പുതിയ തീരുമാനം വഴി അസ്ഥാനത്തായിരിക്കുന്നത്.

പതിനാല് ജില്ലകളിൽ നിന്നും 1416 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനവും പ്രതീക്ഷിച്ചിരിക്കുന്നത്. 562 പേർ മുഖ്യപട്ടികയിലും 854 പേർ ഉപപട്ടികയിലുമുണ്ട്. മലപ്പുറം ജില്ലയുടേതാണ് ഏറ്റവും വലിയ റാങ്ക്പട്ടിക (301 പേർ). ഇതുവരെ 45 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. ആറ് ജില്ലകളിൽ ഒരാൾക്കുപോലും ശുപാർശ ലഭിച്ചിട്ടില്ലെന്ന പരാതിയും നിലവിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top