നായ്ക്കളിലെ അക്രമ സ്വഭാവം; തിരിച്ചറിയാം ആദ്യ ലക്ഷണങ്ങള്‍
ദിനംപ്രതി വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളില്‍ ഭീതിയിലാണ് കേരളം. പ്രധാനമായി തെരുവുനായ്ക്കളെ ചുറ്റിപ്പറ്റിയാണ് ഈ ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും വളർത്തുനായ്ക്കളിലും കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആക്രമണ സ്വഭാവം കണ്ടുവരുന്നുണ്ട്. പരിഹാരമെന്ന നിലയില്‍ തെരുവുനായ്ക്കളെ വന്ദ്യംകരിക്കാനും വാക്സിനേഷന്‍ നല്‍കാനുമുള്ള നടപടി ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ വളർത്തുനായ്ക്കളെ ശരിയായ രീതിയില്‍ പരിശീലിപ്പിക്കുക, വാക്സിനേഷന്‍ ഉറപ്പാക്കുക എന്നിവ നായ്ക്കളുടെ ഉടമകളുടെ ബാധ്യതയാണ്.
എന്നാല്‍ മുന്‍കരുതലെന്ന നായ്ക്കള്‍ അക്രമണകാരികളാകുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയാനും നായ്ക്കളുടെ ശരീരഭാഷയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും ശരിയായ ബോധവത്കരണം ആവശ്യമാണ്.
അപ്രതീക്ഷിതമായും പെട്ടെന്നുമുണ്ടാകുന്ന പിരിമുറുക്കമോ ഭയമോ ആണ് പ്രധാനമായും നായ്ക്കളില്‍ ആക്രമണാത്മകത ഉണർത്തുന്നത്. മൃഗങ്ങളിലെ പെരുമാറ്റരീതിയില്‍ വിദഗ്ദയായ (Animal Behaviorist Ph.D, CAAB) ഡോ. കേറ്റ് മോർണമെന്റ് പറയുന്നത് പ്രകാരം, ഇത്തരം സന്ദർഭങ്ങളില്‍ നായകളിലെ മാറ്റം ശ്രദ്ധിക്കുകയാണ് ആദ്യപടി. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഡോക്ടർ പങ്കുവച്ച മറ്റ് മുന്‍കരുതലുകള്‍ ഇങ്ങനെ,
എന്തുകൊണ്ടാണ് നായ്ക്കൾ ആക്രമണം കാണിക്കുന്നത്
അപ്രതീക്ഷിതമായോ പെട്ടെന്നോ ഉണ്ടാകുന്ന പിരിമുറുക്കമോ ഭയമോ നായ്ക്കൾ ആക്രമണ സ്വഭാവത്തിലാക്കുന്നു. ഈ ഘട്ടത്തില്‍ നായയെ പ്രകോപിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനൊപ്പം നായയില്‍ നിന്ന് പരമാവധി അകലം പാലിക്കുകയാണ് ചെയ്യേണ്ടത്.
നായ്ക്കൾക്ക് അവർ വളർത്തപ്പെടുന്ന സാഹചര്യങ്ങളും, മുന്‍കാല അനുഭവങ്ങളുമുണ്ടാകും. ഇതായിരിക്കും പലപ്പോഴും അവരിലെ ഭയത്തിന് കാരണം. ഉദാ. പരിചയമില്ലാത്ത വ്യക്തികളുടെയോ വസ്തുക്കളുടെയോ സാന്നിധ്യം, കാറുകൾ, വാക്വം ക്ലീനർ എന്നിവയുടെ ഉച്ചത്തിലുള്ള ശബ്ദം എന്നില ചില നായ്ക്കളെ അസ്വസ്ഥമാക്കുന്നത് കാണാം. വളർത്തുനായ്ക്കളെ ട്രയിന്‍ ചെയ്യുന്നതിന്റെ ഭാഗമായി, അവയെ പരമാവധി സാഹചര്യങ്ങളുമായി പരിചയപ്പെടുത്തുക ആവശ്യമാണ്. അപകടകാരികളായ നായ്ക്കളെക്കുറിച്ച് അപരിചിതർക്ക് മുന്നറിയിപ്പ് നല്‍കേണ്ടതും ഉടമകളുടെ കടമയാണ്.
നായ ആക്രമിച്ചേക്കാമെന്നതിന്റെ ആദ്യ ലക്ഷണങ്ങൾ
അവയെ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങളുണ്ടാകുന്ന ഘട്ടത്തില്‍ തന്നെ ആക്രമണത്തിലേക്ക് നയിക്കുന്ന ആദ്യ ലക്ഷണങ്ങള്‍ അവ പ്രകടിപ്പിക്കും, മുരളുക, ഉച്ചത്തില്‍ കുരയ്ക്കുക എന്നുതുടങ്ങി പെട്ടെന്ന് ആക്രമിക്കാനുള്ള സാധ്യത വരെയുണ്ട്.
അസാധാരണമായി കണ്ണുചിമ്മുക, ചുണ്ടുകൾ നനയ്ക്കുക, തല ചരിക്കുക എന്നിങ്ങനെ മാറ്റങ്ങള്‍ കാണാം. ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വളർത്തുനായ്ക്കളെ പരിശീലിപ്പിക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നായയുടെ ശരീരഭാഷ മനസിലാക്കി പെട്ടെന്ന് ഇടപെടലുണ്ടാകണം. നായയുടെ ശ്രദ്ധ തിരിക്കാൻ പറ്റുന്ന വസ്തുക്കൾ കയ്യിൽ ഉണ്ടെങ്കിൽ നായയുടെ നേർക്ക് അത് ഏറിഞ്ഞു കൊടുത്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുക.
കടിയേറ്റാല്‍
നായ കടിയേല്‍ക്കുന്ന പക്ഷം, പ്രഥമ ശുശ്രൂഷ എന്ന നിലയിൽ മുറിവുള്ള ഭാഗം സോപ്പും ധാരധാരയായി ഒഴുകുന്ന വെള്ളം ഉപയോഗിച്ച് 15 മിനുറ്റോളം നല്ലതുപോലെ കഴുകുക. മുറിവ് കഴുകി കഴിഞ്ഞാൽ അയഡിൻ സൊല്യൂഷനോ ആൽക്കഹോൾ സൊല്യൂഷനോ ഉപയോഗിച്ച ശുദ്ധമായി ക്ലീൻ ചെയ്യുക. കടിയേറ്റ ഭാഗം ബാൻഡേജ് പോലുള്ളവകൊണ്ട് കെട്ടിവയ്ക്കണമെന്നില്ല. മുറിവ് തുറന്ന രീതിയിൽതന്നെ ആശുപത്രിയിൽ എത്തിക്കുക.
പേവിഷ ബാധായുള്ള നായകളില്‍ മുന്നിൽ കാണുന്ന മനുഷ്യരെയും മൃഗങ്ങളേയും കടിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. വെള്ളം കുടിക്കാൻ സാധിക്കാതിരിക്കുക, കുരക്കുമ്പോൾ ശബ്ദ വ്യത്യാസം, വായയിൽ നിന്ന് നുരയും പതയും വരിക എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എത്രയും വേഗം ആരോഗ്യ വിദഗ്ദനെ സമീപിക്കുക. പേവിഷ ബാധ സംശയിക്കുന്നില്ലെങ്കിലും മുഴുവൻ ഡോസ് കുത്തിവെയ്പും എടുക്കണം. എല്ലാ പ്രായക്കാർക്കും കുത്തിവെയ്പിന്റെ ഡോസ് ഒന്നാണ്. ഗർഭിണിയാണെങ്കിലും കുത്തിവെയ്പ് എടുക്കാൻ മടി കാണിക്കരുത്. പനി, മുറിവ് ഉണങ്ങാതിരിക്കുക തുടങ്ങിയ അവസ്ഥകളിൽ ഡോക്ടറുടെ സഹായം തേടണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here