ഉടുതുണി മാറ്റും AI ആപ്പുകള്‍; ക്ലോത്ത് റിമൂവല്‍ സൈറ്റുകളില്‍ തള്ളിക്കയറ്റം

തിരുവനന്തപുരം: 1984ൽ ഇറങ്ങിയ ഫാസിൽ ചിത്രം ‘നോക്കത്താ ദൂരത്ത് കണ്ണുംനട്ടിൽ’ മനുഷ്യരെ ഉടുതുണിയില്ലാതെ കാണാൻ കഴിയുന്ന കണ്ണടയെക്കുറിച്ച് പറയുന്ന രംഗമുണ്ട്. അത്തരമൊന്നാണ് താൻ വച്ചിരിക്കുന്നതെന്ന് മോഹൻലാലിൻ്റെ നായകകഥാപാത്രത്തോട് നായിക നദിയാ മൊയ്തു പറയുന്നു. ആ രംഗത്തിൽ നിന്ന് രക്ഷപ്പെടാൻ പിന്നീട് ലാലിൻ്റെ കഥാപാത്രം പാടുപെടുന്നത് കണ്ട് ചിരിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഇന്നത് വെറും തമാശയല്ല. ഒറ്റ ക്ലിക്കിൽ ആരുടെ ഫോട്ടോയും നഗ്നമാക്കിയെടുക്കാൻ കഴിയുന്ന അസംഖ്യം ടൂളുകളാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ക്ലോത്ത് റിമൂവൽ ആപ്സ് എന്ന് ഗൂഗിളിൽ സർച്ച് ചെയ്താൽ കിട്ടുന്ന നീണ്ട പട്ടികയിൽ പലതും പണം ഈടാക്കി ആവശ്യക്കാർക്ക് ‘സേവനം’ നൽകുന്നവയാണ്. വരുംകാലത്തിൻ്റെ സാങ്കേതിക വിദ്യ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന എഐ എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തന്നെയാണ് ഈ വരുംകാല ദുരന്തത്തിന് പിന്നിൽ.

ഇത്തരം എഐ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടെന്നാണ് വിദേശത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെബ്സൈറ്റുകള്‍ക്ക് പുറമേ ഇതിനായുള്ള ടെലിഗ്രാം ചാനലുകളും സജീവമാണ്. സോഷ്യല്‍ മീഡിയ അനാലിസിസ് കമ്പനിയായ ഗ്രാഫികയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം വ്യാജ നഗ്നചിത്രങ്ങൾ നിര്‍മിക്കുന്ന എഐ സൈറ്റുകൾ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സന്ദർശിച്ചവരുടെ എണ്ണം 24 മില്യണ്‍ ആണ്. എക്സ്, റെഡിറ്റ് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലും സമാന സൈറ്റുകളുടെ ലിങ്കുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് തടയാന്‍ ശക്തമായ നിയമം ഒരിടത്തുമില്ല എന്നതാണ് സത്യം. മോഡലിങ് ബിസിനസിൽ സഹായിക്കാനെന്ന പേരിലാണ് ഇവയുടെ പ്രചാരണം.

ഇന്ത്യയില്‍ എഐയ്ക്കായി പ്രത്യേകം നിയമം ഉടന്‍ കൊണ്ടുവരില്ലെന്ന് നേരത്തെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. നിലവില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന കുറ്റം ഐടി ആക്റ്റിന് കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത്രയും ഗുരുതരമായ കുറ്റത്തിന് പ്രത്യേകം നിയമം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം എഐ സാങ്കേതിക വിദ്യ രാജ്യത്തിൻ്റെ വളര്‍ച്ചയ്ക്ക് വളരെയേറെ ഗുണം ചെയ്യുന്നുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി G20 ഉച്ചകോടിയില്‍ പറഞ്ഞത് എന്നതും ശ്രദ്ധിക്കണം.

ആദ്യമായി എഐയുടെ ഉപയോഗത്തിന് സമഗ്ര നിയമം പാസാക്കിയത് യൂറോപ്യന്‍ യുണിയനാണ്. നിയമം പാസാക്കിയെങ്കിലും 2025ലെ പ്രാബല്യത്തില്‍ വരൂ. അമേരിക്കയില്‍ സ്കൂള്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ എഐ ഉപയോഗിച്ച് നിര്‍മിച്ച ശേഷം പ്രചരിപ്പിക്കുന്നുവെന്ന പരാതികൾ വ്യാപകമാകുന്നുണ്ട്. എന്നാല്‍ ഇവിടെയും കര്‍ശന നിയമങ്ങള്‍ ഒന്നും നിലവിലില്ല. അനുവാദമില്ലാതെ ഒരാളുടെ നഗ്നചിത്രം നിര്‍മിക്കുന്നത് ചിലയിടങ്ങളിൽ കുറ്റകരമാക്കിയിട്ടുണ്ട്. ടെക്സസ്, മിനെസോട്ട, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ഇതിനായി നിയമം പാസാക്കിയിട്ടുണ്ട്. പക്ഷെ അത് ക്രിമിനല്‍ കുറ്റമല്ല സിവില്‍ കേസായാണ് പരിഗണിക്കുന്നത്.

സെലിബ്രിറ്റികളുടെ ഡീപ്ഫെയ്ക്ക് ചിത്രങ്ങളും വീഡിയോകളുമാണ് ഇന്ത്യയിൽ ഏറെയും പ്രചരിച്ചിട്ടുള്ളത്. നടി രശ്മിക മന്ദാന അടക്കമുള്ളവരുടെ കേസുകളിൽ കാര്യക്ഷമമായി ഇടപെടാൻ പോലീസ് ഉള്‍പ്പെടെയുള്ള ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ ഐശ്വര്യ റായിയുടെ ഡീപ്ഫെയ്ക്ക് ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ‘ബാത്തിംഗ് ഐശ്വര്യ’ എന്ന പേരിലാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ആളുകൾ പോസ്റ്റുചെയ്യുന്ന ഫോട്ടോകളെടുത്ത് നഗ്നചിത്രങ്ങളാക്കുകയാണ് ഏറെപ്പേരും ചെയ്യുന്നത്.

Logo
X
Top