ഐഐടിയിൽ പഠിച്ചിറങ്ങുന്നവർക്കും തൊഴിലില്ലാത്ത അവസ്ഥ; തൊഴിൽരഹിതരായ അഭ്യസ്തവിദ്യരുടെ നാടായി ഇന്ത്യ; 83 ശതമാനം യുവാക്കൾക്ക് തൊഴിലില്ല

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാർത്ഥികളെ തിരയുന്ന ബഹുരാഷ്ട്ര കമ്പനികളെല്ലാം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കാണ് (ഐഐടി) ആദ്യമെത്തുക എന്നാണല്ലോ പൊതുവിലുള്ള ധാരണ. ഐഐടിയിൽ പഠിച്ചവരാരും തൊഴിൽ ലഭിക്കാതെ നിൽക്കുന്നതായി കേട്ടുകേള്‍വി പോലുമുണ്ടാകില്ല. എന്നാൽ ഇന്ന് കാര്യങ്ങളാകെ മാറിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇക്കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം വിവിധ ഐഐടികളിൽ പഠിച്ച ശരാശരി 35 ശതമാനത്തോളം പേരാണ് തൊഴിൽ ലഭിക്കാതെ നിൽക്കുന്നത്.

മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഐഐടികളില്‍ ക്യാമ്പസ്‌ റിക്രൂട്ട്മെന്റിന് എത്തുന്ന കമ്പനികളുടെ എണ്ണത്തില്‍ വലിയതോതില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. മുന്‍പ് റിക്രൂട്ട്മെന്റ് നടത്തിയിരുന്ന പല പ്രമുഖ കമ്പനികളെയും ഐഐടികളിലേക്ക് ക്ഷണിക്കുന്നുണ്ടെങ്കിലും അവയില്‍ വളരെ കുറച്ച് കമ്പനികള്‍ മാത്രമാണ് എത്തുന്നത് . ജനുവരിയില്‍ നടന്ന റിക്രൂട്ട്മെന്റില്‍ 35 ശതമാനത്തോളം പേര്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ വീണ്ടും റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ഐഐടികള്‍.

ഐഐടി ഡല്‍ഹിയുടെ കണക്കുകള്‍ പ്രകാരം 1036 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28 വരെ ജോലി ലഭിച്ചത്. എന്നാല്‍ എത്ര വിദ്യാര്‍ത്ഥികള്‍ റിക്രൂട്ട്മെന്റിന് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നത് വ്യക്തമാക്കിയിട്ടില്ല. ഡിസംബറില്‍ റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോള്‍ 1000പേര്‍ക്കാണ് ജോലി ലഭിച്ചതെന്നും കണക്കുകള്‍ പറയുന്നു. അതായത് ജനുവരി ഫെബ്രുവരി എന്നീ രണ്ട് മാസങ്ങളില്‍ തൊഴില്‍ ലഭിച്ചത് വെറും 36 പേര്‍ക്ക് മാത്രം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ വരവ് അന്താരാഷ്ട്രതലത്തിൽ തൊഴിലവസരങ്ങൾ കുറയുന്നതിന് ഒരു കാരണമായി പറയുമ്പോഴും, അതുമാത്രമാണോ കാരണം എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു. ഐഐടികളിൽ പഠിച്ചിറങ്ങുന്ന ഭൂരിഭാഗം പേരും കേന്ദ്ര സര്‍ക്കാര്‍ സർവീസുകളിലേക്ക് തിരിയാനാണ് ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. മുൻകാലങ്ങളിലേത് പോലെ ഐടി മേഖലയിലേക്ക് ഇവരെത്താത്തത് രാജ്യത്തെ സാങ്കേതിക മേഖലയുടെ നിലവാരത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്. മികച്ച തൊഴിൽ സാഹചര്യം ഇല്ലാത്തതും, അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതുമാണ് പ്രശ്നമെന്നാണ് കരുതുന്നത്.

രാജ്യത്ത് തൊഴിലവസരങ്ങൾ വർധിക്കുന്നെന്ന് കേന്ദ്രസർക്കാർ പ്രസ്താവനകൾ ഇറക്കുമ്പോഴും തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം 83 ശതമാനമായി ഉയർന്നിരിക്കുന്നു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ) പുറത്തുവിട്ട 2024ലെ ഇന്ത്യൻ എംപ്ലോയ്മെന്റ് റിപ്പോർട്ട് ഈ കണക്കുകൾ. ഉന്നതവിദ്യാഭ്യാസം നേടിയവരാണ് തൊഴിൽരഹിതരിൽ അധികവും എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം. തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം 2000ത്തിൽ 35.2 ശതമാനമായിരുന്നത് 2022 ആയപ്പോൾ ഇരട്ടിയായി, 65.7 ശതമാനം.

കാർഷിക മേഖലയിലെ തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ കെട്ടിടനിർമാണം പോലുള്ള അസംഘടിത മേഖലയിൽ എണ്ണം കൂടിയിട്ടുമുണ്ട്. ഐടി ഉൾപ്പെടെയുള്ള സ്വകാര്യ മേഖലയിലെ ‘വൈറ്റ് കോളർ’ ജോലികളിലേക്ക് ആകൃഷ്ടരാകുന്നവരുടെ എണ്ണത്തിൽ വർധന കാണുന്നുമില്ല. വിദ്യാഭ്യാസം നേടിയവർക്ക് പോലും സാങ്കേതിക വിദ്യയിൽ വേണ്ടത്ര പ്രാവീണ്യം നേടാൻ കഴിയുന്നില്ലെന്ന് ഐഎൽഒയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 75ശതമാനം യുവാക്കൾക്ക് അറ്റാച്ച്മെന്റുകൾ വച്ചുള്ള ഇമെയിൽ അയക്കാൻ പോലും അറിയില്ലെന്ന അമ്പരപ്പിക്കുന്ന നിഗമനവും റിപ്പോർട്ടിലുണ്ട്. രാജ്യത്തിൻറെ എല്ലാകോണിലും ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ ലഭ്യമാണെന്ന് പറയുമ്പോഴും പലയിടങ്ങളിലും കൃത്യമായി ഇത്തരം സംവിധാനങ്ങൾ എത്തുന്നില്ല എന്നതിന്റെ തെളിവായി ഇത് കണക്കാക്കേണ്ടി വരും.

അഭ്യസ്തവിദ്യരായ സ്ത്രീകൾക്കാണ് പുരുഷന്മാരെ അപേക്ഷിച്ച് തൊഴിലവസരം കുറവ് ലഭിക്കുന്നതെന്നും ഐഎൽഒ വ്യക്തമാക്കുന്നു. ‘നാരീശക്തി’ എന്ന മുദ്രാവാക്യം ഉയർത്തിക്കാണിക്കുന്ന നാട്ടിലെ സ്ത്രീകൾക്കാണ് ഈ അവസ്ഥ എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. കൂടാതെ പട്ടികജാതി പട്ടികവർഗ വിഭാഗക്കാരുടെ തൊഴിൽമേഖലയിലെ സാന്നിധ്യം കൂടിയിട്ടുണ്ടെങ്കിലും ഇവരിൽ ഭൂരിഭാഗം പേരും തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്. ഏകലവ്യ മോഡൽ സ്കൂളുകൾ രാജ്യത്തുടനീളം ആരംഭിച്ചിട്ടും ഈ വിഭാഗത്തിൽപ്പെട്ട യുവതലമുറയുടെ ജീവിത സാഹചര്യം മെച്ചപ്പെട്ടതായി കാണുന്നില്ല. ഇവരിൽ പലരും ഇപ്പോഴും സ്ഥിരവരുമാനമില്ലാത്ത അസംഘടിത മേഖലയിലാണ് കൂടുതലും ജോലി ചെയ്യുന്നത്. എല്ലാ മേഖലയിലുള്ള ജനങ്ങൾക്കും വികസനം ഉറപ്പാക്കിയെന്നു പറയുമ്പോഴും അതിൽ നിന്ന് വ്യത്യസ്തമായ വിവരങ്ങളാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top