പൂരം കുളമാക്കിയതില്‍ ഉടനെങ്ങും തീരുമാനം ഉണ്ടാകില്ല; അഞ്ചുമാസം പിന്നിട്ടപ്പോള്‍ വീണ്ടും അന്വേഷണപൂരം
ഇക്കൊല്ലത്തെ തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആരെന്ന് കണ്ടെത്താന്‍ ഇനി ഒന്നല്ല, മൂന്ന് അന്വേഷണങ്ങള്‍ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. അതും സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെ പോലീസ് തലപ്പത്തെ ഏറ്റവും മുതിര്‍ന്ന മൂന്നുപേരെയാണ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ സമയപരിധി നിശ്ചയിച്ചിട്ടുമില്ല. ആദ്യ അന്വേഷണം തന്നെ അഞ്ചു മാസം എത്തിയപ്പോഴാണ് റിപ്പോർട്ട് തയ്യാറായത്. ആരോപണ വിധേയനായി നിൽക്കുന്ന എഡിജിപി എംആർ അജിത് കുമാർ തയ്യാറാക്കിയ ഈ റിപ്പോർട്ടാകട്ടെ സർക്കാർ ഏറെക്കുറെ തള്ളിയ മട്ടാണ്. ഇതോടെയാണ് പുതിയ മൂന്ന് അന്വേഷണങ്ങൾ തുടങ്ങാൻ തീരുമാനമായത്.
ഏപ്രില്‍ 19നാണ് ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നടന്നത്. പരിപാടി അലങ്കോലമായത് വലിയ വിവാദമായതോടെ പിറ്റേന്ന് തന്നെ അന്വേഷണവും പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരിക്കൊണ്ട സമയത്തെല്ലാം ഈ അന്വേഷണം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും സര്‍ക്കാരും പോലീസും നിശബ്ദത പാലിച്ചു. തൃശൂരില്‍ സുരേഷ്‌ഗോപിയുടെ വിജയത്തോടെ പൂരം കലക്കിയത് ബിജെപിക്കായി സിപിഎം ആസൂത്രണം ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നപ്പോഴും കാര്യമായ പ്രതികരണം ഉണ്ടായില്ല. ആകെ ഉണ്ടായത് കമ്മീഷണർ അങ്കിത് അശോകനെ ആ സ്ഥാനത്ത് നിന്നും നീക്കിയത് മാത്രമായിരുന്നു.
പിവി അന്‍വര്‍ കടുവെട്ടുമായി രംഗത്ത് എത്തിയപ്പോഴാണ് പൂര വിവാദം വീണ്ടും ചര്‍ച്ചയായത്. ബിജെപിക്കായി എഡിജിപി അജിത്കുമാര്‍ പൂരം അലങ്കോലമാക്കിയെന്ന് അന്‍വര്‍ ആരോപിച്ചു. ഒപ്പം ആര്‍എസ്എസ് നേതാക്കളുമായി അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പ്രതിപക്ഷനേതാവ് പുറത്തുവിട്ടു. ഇതോടെ പൂരം വീഴ്ചയിലെ അന്വേഷണ റിപ്പോര്‍ട്ടിനായി സമ്മര്‍ദ്ദം ഉയര്‍ന്നു. സിപിഐ പരസ്യമായി രംഗത്തെത്തി. ഇതോടെയാണ് എഡിജിപി അജിത്കുമാര്‍ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. ഇതാകട്ടെ വിയോജന കുറിപ്പുമായാണ് ഡിജിപി സര്‍ക്കാരിന് നൽകിയത്. പിന്നാലെ വിശദ അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയും ശുപാര്‍ശ ചെയ്തു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ പൂരം തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണങ്ങൾ ഇങ്ങനെ:
- തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ നടന്ന ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘം (SIT).
- പൂരവുമായി ബന്ധപ്പെട്ട ചുമതലകള്‍ നല്‍കിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ഇന്റലിജന്‍സ് മേധാവി എഡിജിപി മനോജ് എബ്രഹം അന്വേഷിക്കും.
- ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതേക്കുറിച്ച് സംസ്ഥാന പോലീസ് മേധാവിയും പരിശോധിക്കും.
തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പൂരം അലങ്കോലമാക്കാൻ ആസൂത്രിത നീക്കം ഉണ്ടായെന്നും, നിയമപരമായി അനുവദിക്കാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ ബോധപൂര്‍വ്വം ഉന്നയിച്ച് ഈ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമം നടന്നുവെന്നും എഡിജിപി കണ്ടെത്തി എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here