ടൈംസ്‌ ഗ്രൂപ്പില്‍ കൂട്ട പിരിച്ചുവിടല്‍; 120 പേരെ മുന്നറിയിപ്പില്ലാതെ ഒഴിവാക്കി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ശൃംഖലയായ ടൈംസ്‌ ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൈംസ് ഇന്റർനെറ്റ് ലിമിറ്റഡിൽ (ടിഐഎൽ) നിന്ന് കൂട്ട പിരിച്ചുവിടൽ. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് മൂന്ന് ദിവസത്തിനുള്ളിൽ 120 ജീവനക്കാരെ പിരിച്ചുവിട്ടത്. ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥരും സഹോദരങ്ങളുമായ സമീർ ജെയ്നും വിനീത് ജെയ്നും ആറ് മാസം മുൻപ് കമ്പനി ആസ്തി വിഭജിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ട്. എന്നാൽ ടൈംസ് ഗ്രൂപ്പ് ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഇക്കഴിഞ്ഞ ഡിസംബർ 13 മുതലാണ് പിരിച്ചുവിടൽ ആരംഭിച്ചത്. ഇക്കണോമിക് ടൈംസിന്റെ സഹ സ്ഥാപനമായ ‘ഇ.ടി സ്പോട്ട്ലൈറ്റിലെ’ അഞ്ച് പേരെയാണ് ആദ്യം പിരിച്ചുവിട്ടത് . ടീം ഹെഡിനെ പോലും അറിയിക്കാതെ ജീവനക്കാരോട് നേരിട്ട് ഫോണിൽ വിളിച്ചാണ് വിവരം പറഞ്ഞത്. ടീമിന്റെ പ്രവർത്തനം മോശമാണെന്നും ലാഭമില്ലെന്നും അതുകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണെന്നുമാണ് അറിയിച്ചത്. ഓഗസ്റ്റിൽ ടിഐഎല്ലിൽ നിന്ന് 100 പേരെ പിരിച്ചുവിട്ടിരുന്നു. ഇങ്ങനെ കൂട്ട പിരിച്ചുവിടൽ ഇനി ഉണ്ടാകില്ലെന്നും ഇത് അവസാനത്തേതാണെന്നും അന്ന് ടിഐഎൽ പ്രസ്താവന ഇറക്കിയിരുന്നു.

പിരിച്ചുവിട്ട ദിവസം മുതൽ മൂന്ന് മാസത്തെ ശമ്പളം കണക്കാക്കിയുള്ള നഷ്ടപരിഹാരം നൽകിയാണ് ജീവനക്കാരെ പറഞ്ഞുവിട്ടത്. കമ്പനിയുടെ ആസ്തികള്‍ വിഭജിച്ചപ്പോള്‍ സമീർ ജെയ്‌നിന് ടൈംസ് ഗ്രൂപ്പിന്റെ പ്രിന്റ്-ഓൺലൈൻ വിഭാഗങ്ങളും വിനീത് ജെയ്‌നിന് ബ്രോഡ്കാസ്റ്റ് – റേഡിയോ വിഭാഗങ്ങളുമാണ് ലഭിച്ചതെന്നാണ് വിവരം. ടൈംസ്‌ ഓഫ് ഇന്ത്യ പത്രത്തില്‍ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. ജീവനക്കാരുടെ എണ്ണം പകുതിയാകുന്നതുവരെ ടൈംസ് ഇന്റർനെറ്റിൽ നിന്ന് പിരിച്ചുവിടൽ തുടരുമെന്നാണ് ജീവനക്കാർ കരുതുന്നത്.

അതേസമയം സാമ്പത്തിക മാന്ദ്യം മുന്നിൽക്കണ്ട് ഐടി ഭീമനായ ഇൻഫോസിസ് ജീവനക്കാരുടെ വാര്‍ഷിക ശമ്പള വർധനയിൽ കുറവ് വരുത്തിയിട്ടുണ്ട്. പത്തു ശതമാനത്തിൽ താഴെയാണ് ഈ വർഷം വർധന നൽകിയത്. മുൻ വർഷങ്ങളിൽ ഇത് 20 മുതൽ 30 ശതമാനം വരെയായിരുന്നു. ഇൻഫോസിസ് മാത്രമല്ല യു എസ്, യൂറോപ് ആസ്ഥാനമായ പല ഐടി കമ്പനികളും ജീവനക്കാരുടെ വാർഷിക ശമ്പള വർധനയിൽ വൻ കുറവാണ് വരുത്തിയത്. പുതിയതായി ജോയിൻ ചെയ്തവരെ ശമ്പള വർധനയിൽ പരിഗണിച്ചിട്ടു പോലുമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top