‘ഞങ്ങള്‍ വിശ്വാസികളാണ്’; ജയ്ശ്രീറാം ചൊല്ലി രേവതി, പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളും
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെ എതിര്‍ത്തും അനുകൂലിച്ചും പ്രമുഖര്‍ പലരും രംഗത്തെത്തിയിരുന്നു. അനുകൂലിച്ച് സംസാരിച്ച ഗായിക കെ.എസ് ചിത്ര അടക്കമുള്ളവര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കം ഇന്നലത്തെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നേരിട്ടെത്താന്‍ കഴിയാത്തവര്‍ സോഷ്യല്‍ മീഡിയയില്‍ രാം ലല്ലയുടെ ചിത്രം പങ്കുവച്ച് ആശംസകള്‍ അറിയിച്ചു. ഏറ്റവും ഒടുവില്‍ നടിയും സംവിധായികയുമായ രേവതിയുടെ പോസ്റ്റ് ആണ് ചര്‍ച്ചയാകുന്നത്. രാം ലല്ലയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലും എക്‌സിലും പങ്കുവച്ച രേവതിയുടെ ഭാഗത്തുനിന്നും മുമ്പെങ്ങുമില്ലാത്തവിധമാണ് വിശ്വാസപ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
“ഇന്നലത്തെ ദിവസം ഒരിക്കലും മറക്കാനാകില്ല. രാം ലല്ലയുടെ ആരെയും ആകര്‍ഷിക്കുന്ന മുഖം കാണുന്നതു വരെ എന്റെയുള്ളില്‍ ഈ ആവേശം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഹൃദയത്തില്‍ എന്തോ തുടിച്ചു, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാല്‍ നാം നമ്മുടെ വിശ്വാസങ്ങള്‍ നമ്മുടെ ഉള്ളില്‍ തന്നെ സൂക്ഷിക്കുന്നു. മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നു. നാം മതേതര ഇന്ത്യയില്‍ വിശ്വസിക്കുകയും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. എല്ലാവരിലും അങ്ങനെ തന്നെയായിരിക്കണം. ശ്രീരാമന്റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചു. ഒരു പക്ഷേ ആദ്യമായി നാം അത് ഉറക്കെ പറഞ്ഞു, ഞങ്ങള്‍ വിശ്വാസികളാണ്’! ജയ് ശ്രീറാം,” എന്നാണ് രേവതി കുറിച്ചത്.
പോസ്റ്റിനു താഴെ രൂക്ഷവിമര്‍ശനങ്ങളാണ് രേവതി നേരിടുന്നത്. ഇത്തരമൊരു പ്രതികരണം രേവതിയുടെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചില്ലെന്നാണ് കൂടുതല്‍ പേരും പ്രതികരിച്ചിരിക്കുന്നത്. നിരവധി പേരാണ് രേവതിയെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തത്. മറ്റുള്ള സെലിബ്രിറ്റികളെക്കാള്‍ രൂക്ഷമായി രേവതി വര്‍ഗീയത പറഞ്ഞിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആക്ഷേപം.
രജനികാന്ത്, അമിതാഭ് ബച്ചന്‍, ശങ്കര്‍ മഹാദേവന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ആയുഷ്മാന്‍ ഖുറാന തുടങ്ങി രാജ്യത്തെ നിരവധി പ്രമുഖര്‍ അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here