തർക്കങ്ങൾക്കിടെ എറണാകുളം ബസിലിക്കയിൽ നാളെ ഏകീകൃത കുർബാന

ഏകീകൃത കുർബാനയെച്ചൊല്ലി തർക്കം നിലനിൽക്കുന്ന എറണാകുളം – അങ്കമാലി രൂപതാ ആസ്ഥാനത്തെ സെന്റ് മേരീസ് ബസിലിക്കയിൽ നാളെ മുതൽ കുർബാന നടത്താൻ പുതുതായി ചുമതലയേറ്റ വികാരിയുടെ തീരുമാനം. ഏകീകൃത കുർബാന നടത്താൻ തന്നെയാണ് തീരുമാനമെന്ന് ഫാ. ആന്റണി പൂതവേലിൽ അറിയിച്ചു. സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ പരസ്യ കുർബാനയുണ്ടായേക്കില്ല.

വിവാദത്തെ തുടർന്ന് ഒരു വർഷത്തോളമായി അടച്ചിട്ട പള്ളിയിൽ ഇന്ന് രാവിലെയാണ് പുതിയ വികാരിയായി ഫാ. ആന്റണി പൂതവേലിൽ ചുമതലയേറ്റത്. വിവാദങ്ങളും സംഘർഷങ്ങളും നിലനിൽക്കെ കനത്ത പോലീസ് സുരക്ഷയിലാണ് വൈദികനെത്തിയത്.

44 ദിവസങ്ങൾക്കു മുൻപ് പുതിയ വികാരിയെ നിയോഗിച്ചെങ്കിലും വിശ്വാസികൾ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയതിനാൽ ചുമതയേറ്റെടുക്കാനായില്ല. കുർബാനാരീതിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കഴിഞ്ഞ ദിവസം വത്തിക്കാനിൽ നിന്നെത്തിയ മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ വിശ്വാസികൾ തടഞ്ഞിരുന്നു.

2022 ഡിസംബറിലാണ് കുർബാനാരീതി തർക്കത്തെത്തുടർന്ന് സെന്റ് മേരീസ് ബസിലിക്കയിൽ തർക്കമുണ്ടായത്. കഴിഞ്ഞ വർഷം സീറോ മലബാർ സഭയുടെ പള്ളികളിൽ ഏകീകൃത കുർബാന ചൊല്ലണമെന്നുള്ള തീരുമാനത്തിൽ നടപ്പാക്കിയിരുന്നു. എന്നാൽ എറണാകുളം – അങ്കമാലി രൂപത ആസ്ഥാനമായ സെന്റ് മേരീസ് ബസിലിക്കയിൽ ജനാഭിമുഖകുർബാന തുടർന്നു.

സിനഡിന്റെ തീരുമാനത്തിൽ 23 ഡിസംബർ 2022 ന് സെന്റ് മേരീസ് ബസിലിക്കയിൽ ഫാ.ആന്റണി പൊതുവേലിൽ ഏകികൃത കുർബാന അർപ്പിക്കുകയും വിമത വിഭാഗം ജനാഭിമുഖ കുർബാന അർപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്.

സീറോമലബാർ സഭയിൽ രണ്ടു തരം കുർബാന രീതികളാണുള്ളത്. എറണാകുളം – അങ്കമാലി രൂപത പിന്തുടർന്നുപോന്ന ജനാഭിമുഖ കുർബാന, മറ്റിടങ്ങളിൽ നടപ്പാക്കിയിരുന്ന അൾത്താരാഭിമുഖ കുർബാന. ഇവ ഏകീകരിച്ചു തീരുമാനിച്ച കുർബാന രീതി എല്ലായിടത്തും പിന്തുടരണമെന്ന മെത്രാൻ സിനഡിന്റെ തീരുമാനമാണ് അടുത്തകാലത്തെ ഏറ്റവും വലിയ തർക്കമായി സീറോ മലബാർ സഭയിൽ ഉടലെടുത്തത്.

ഏകീകൃത കുർബാനയെ ശക്തമായി എതിർക്കുന്ന എറണാകുളം – അങ്കമാലി രൂപതയിലെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധത്തിന്റെ കേന്ദ്രമായി ബസലിക്ക തെരഞ്ഞെടുത്തതോടെയാണ് അതീവ നാടകീയ സംഭവങ്ങൾക്ക് പള്ളി വേദിയാകുന്നത്.

Logo
X
Top