ഏക സിവിൽ കോഡ്: സിപിഐഎം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും
കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത. പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളിലേതിന് സമാനമായ സഹകരണം ഏക സിവില്‍ കോഡ് വിഷയത്തിലുമുണ്ടാകുമെന്ന് സമസ്ത കേരള ജമ് ഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ സമസ്ത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് നേരിട്ട് നിവേദനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിവിൽ കോഡ് വിഷയത്തിൽ കോഴിക്കോട് നടത്തിയ സമസ്ത കേരള ജമ് ഇയ്യത്തുൽ ഉലമ സ്പെഷ്യൽ കൺവൻഷനിലായിരുന്നു പ്രഖ്യാപനം.
വിവിധ രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ചിട്ടുണ്ട്. മുസ്ലിം ലീഗുമായും കോൺഗ്രസുമായും സഹകരിച്ചിട്ടുണ്ട്. ഇനിയും അതേ സഹകരണമുണ്ടാകും. സിപിഐഎം സംഘടിപ്പിക്കുന്നതുള്‍പ്പടെ പൊതുസ്വഭാവമുള്ള പരിപാടികളിലെല്ലാം സമസ്തയുടെ സഹകരണമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സിവില്‍ കോഡ് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. മുസ്ലിം വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല അത്. ഏത് നിയമമായാലും ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം. ഓരോ മതങ്ങള്‍ക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here