അന്ത്യശാസന സര്‍ക്കുലര്‍ പള്ളികളിൽ വായിച്ചില്ല; കത്തിച്ചും കീറിയും വിശ്വാസികളുടെ പ്രതിഷേധം; ഏകീകൃത കുര്‍ബാന പ്രശ്നത്തില്‍ സംഘര്‍ഷം രൂക്ഷം
എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്കെതിരെയുള്ള വിമത വിഭാഗത്തിന്റെ പ്രതിഷേധം തുടരുന്നു. ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് ബിഷപ്പിന്റെ അന്ത്യശാസന സര്‍ക്കുലര്‍ ഇന്ന് പള്ളികളിൽ വായിച്ചില്ല. സർക്കുലർ കീറിയും കത്തിച്ചും വിമതവിഭാഗം പ്രതിഷേധിച്ചു. എളംകുളം പള്ളിയില്‍ സര്‍ക്കുലര്‍ കീറി ചവറ്റുകുട്ടയില്‍ എറിഞ്ഞു. തൃപ്പൂണിത്തുറ ഫൊറോന പള്ളിയിലും പുതിയകാവ് പള്ളിയിലും സര്‍ക്കുലര്‍ കത്തിച്ചു.
ഏകീകൃത കുർബാന നിർബന്ധമാക്കി പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. എല്ലാ പള്ളികളിലും സര്‍ക്കുലര്‍ കത്തിക്കുമെന്നാണ് വിമത വിഭാഗത്തിന്റെ പ്രഖ്യാപനം. അടുത്ത മാസം മൂന്ന് മുതല്‍ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ ഇന്ന് എല്ലാ പള്ളികളിലും വായിക്കാനായിരുന്നു നിര്‍ദേശം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഏകീകൃത കുര്‍ബാന നടത്താത്ത വൈദികരെ ഇനിയൊരു മുന്നറിയിപ്പ് ഇല്ലാതെ തന്നെ പുറത്താക്കും എന്നാണ് സര്‍ക്കുലറില്‍ ഉള്ളത്. സഭാ നേതൃത്വം നിര്‍ദേശിക്കുന്ന ഏകീകൃത കുര്‍ബാന ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കടുത്ത പ്രതിഷേധമാണ് വിശ്വാസികളില്‍ നിന്നും ഉയര്‍ന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here