ജനപ്രിയ പ്രഖ്യാപനങ്ങളില്ല; നികുതി നിരക്കുകളില്‍ മാറ്റമില്ല; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് 58 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗം

ഡല്‍ഹി : ജനപ്രിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. ആദായ നികുതി നിരക്കുകളിലൊന്നും മാറ്റംവരുത്തിയിട്ടില്ല. പ്രത്യക്ഷ പരോക്ഷ നികുതികളിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല. കോര്‍പ്പറേറ്റ് നികുതിയും നിലവിലെ നിരക്കില്‍ തുടരും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതായിരുന്നു ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ 58 മിനിറ്റ് നീണ്ടു നിന്ന ബജറ്റ് പ്രസംഗം.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ അഞ്ച് വര്‍ഷം കൊണ്ട് 2 കോടി വീടുകള്‍ നിര്‍മ്മിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കും. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്ഥാപിക്കും. റെയില്‍വേയ്ക്കായി 3 സാമ്പത്തിക ഇടനാഴികകള്‍ നിര്‍മ്മിക്കും. വന്ദേഭാരത് നിലവാരത്തില്‍ 40000 ബോഗികള്‍ നിര്‍മ്മിക്കും. മെട്രോ റെയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

യുവാക്കള്‍ക്ക് ഗവേഷണത്തിന് സഹായം ഉറപ്പാക്കും. സ്വയംസഹായ സംഘങ്ങളില്‍ 9 കോടി വനിതകള്‍ക്ക് സഹായം നല്‍കുന്ന പദ്ധതി തുടരും. സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനുള്ള കുത്തിവയ്പ്പിന് സഹായം നല്‍കും. അങ്കണവാടി ജീവനക്കാരേയും ആശാവര്‍ക്കര്‍മാരേയും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ജനസംഖ്യാ വര്‍ദ്ധനവ് പഠിക്കാന്‍ സമിതിയെ നിയോഗിക്കും.

കാര്‍ഷിക മേഖലയ്ക്കായി വിരലിലെണ്ണാവുന്ന പദ്ധതികള്‍ മാത്രമാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും. രാഷ്ടീയ ഗോകുല്‍ മിഷന്‍ വഴി പാലുല്‍പാദനം കൂട്ടും. സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതി കൂട്ടും, മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ബജറ്റില്‍ പറയുന്നു.

50 വര്‍ഷത്തെ പലിശ രഹിത വായ്പ സംസ്ഥാനങ്ങല്‍ക്ക് അനുവദിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 75000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നേട്ടങ്ങള്‍ എണ്ണി പറഞ്ഞതിനൊപ്പം വരുന്ന തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം കൂടി പങ്കുവച്ചാണ് ധനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top