ബജറ്റില്‍ കേന്ദ്രം ‘പാലം’ വലിച്ചു; കേരളത്തിന് കടുത്ത നിരാശ
ബീഹാറിന് കണ്ണുംപൂട്ടി സഹായം നല്‍കിയ കേന്ദ്രം കേരളത്തെ പേരിനുപോലും പരിഗണിച്ചില്ല. വിഴിഞ്ഞം തുറമുഖത്തിനും വയനാട് ദുരന്തത്തിനുമായി പ്രത്യേക പാക്കേജ് നല്‍കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. 24000 കോടിയുടെ സമഗ്ര പാക്കേജ് കേരളം മുന്നോട്ട് വച്ചെങ്കിലും പൂര്‍ണമായ അവഗണനയാണ് ലഭിച്ചത്. വിഴിഞ്ഞത്തിനും കേരളം അയ്യായിരം കോടി ചോദിച്ചിരുന്നു. എല്ലാത്തിലും നിരാശയായി.
എത്രയോ മുന്‍പ് തന്നെ പറഞ്ഞുകേള്‍ക്കുന്നതാണെങ്കിലും എയിംസ് ഇതുവരെ കേരളത്തിന് ലഭിച്ചിട്ടില്ല. റെയില്‍വേ വികസനവും തിരിനീട്ടിയില്ല. റെയില്‍വേ കോച്ച് നിര്‍മാണശാല മുന്‍പ് തന്നെ കേരളത്തിന് നല്‍കും എന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ ഈ ബജറ്റിലും പരാമര്‍ശമുണ്ടായില്ല. കാര്‍ഷിക മേഖലയെയും അവഗണിച്ചു.
കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍ ഒന്നാകെ നിരാകരിച്ച കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. “കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി ബജറ്റ്. അങ്ങേയറ്റം നിരാശാജനകമാണിത്. ദൗര്‍ഭാഗ്യകരമാണിത്. തിരഞ്ഞടുപ്പ് എവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടത്.” – മുഖ്യമന്ത്രി പറഞ്ഞു.
വയനാടിന് പോലും സഹായം നല്‍കാത്ത ബജറ്റ് നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. “എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണമായിരുന്നു. ആകാശത്ത് നിന്ന് നോട്ടെടുക്കാന്‍ കഴിയില്ലല്ലോ. തരേണ്ടത് തന്നേ പറ്റൂ.” -മന്ത്രി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here