കേന്ദ്രമന്ത്രിക്ക് നേരെ കയ്യേറ്റം; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയിൽ കയ്യാങ്കളി

ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയിൽ കയ്യാങ്കളി. ജബൽപൂർ നോർത്ത് മണ്ഡലത്തിൽ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെ വളഞ്ഞ് പ്രവർത്തകരും നേതാക്കളും പ്രതിഷേധിച്ചു. സംഭവത്തിൽ മൂന്ന് ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രമന്ത്രിയെ പ്രവർത്തകർ തടഞ്ഞുവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുന്നതായും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
അഭിലാഷ് പാണ്ഡേ എന്നയാളിനാണ് ജബൽപൂർ നോർത്ത് സീറ്റ് നൽകിയിരുന്നത്. എന്നാൽ ഇദ്ദേഹം മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. അഭിലാഷിന് സീറ്റ് നൽകിയതിനാൽ ഒഴിവാക്കപ്പെട്ട നേതാവ് ശരദ് ജെയിനിന്റെ അനുയായികളാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് സൂചനകൾ. ഗ്വാളിയോറിലും നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ സമാനമായ ആരോപണമുണ്ട്.
മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ അവസാന ഘട്ട പട്ടിക ശനിയാഴ്ചയായിരുന്നു ബിജെപി പുറത്തുവിട്ടത്. 92 സ്ഥാനാർത്ഥികളെ കൂടിയാണ് അവസാന ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ഇതോടെ 228 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ച് കഴിഞ്ഞു. 227 സീറ്റുകളിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. നവംബർ 17നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here