കേരളത്തെ അപമാനിച്ച് കേന്ദ്രമന്ത്രി; കേരളത്തിന് നിലവിൽ പ്രാധാന്യമില്ലെന്നും പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ പണം നൽകാമെന്നും ജോർജ് കുര്യൻ

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് ശേഷം കേരളത്തിനെ അപമാനിക്കുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. കേരളം പിന്നാക്കം ആണെന്ന് ആദ്യം പ്രഖ്യാപിക്കൂ അപ്പോൾ സഹായം ലഭിക്കും എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ബജറ്റിൽ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജോർജ് കുര്യന്റെ പരാമർശം.

റോഡില്ല, വിദ്യാഭ്യാസമില്ല എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് പറഞ്ഞാൽ തരാം.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ സാമൂഹിക അടിസ്ഥാന സൗകര്യ കാര്യങ്ങളിൽ കേരളം പിന്നാക്കമാണെന്ന് പറയണം. അപ്പോൾ കേന്ദ്രം ചുമതലപ്പെടുത്തുന്ന കമ്മിഷൻ പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതൽ ശ്രദ്ധ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടേയും ജമ്മു കശ്‌മീരിന്റെയും വികസനങ്ങൾ പൂർത്തിയാക്കികൊണ്ടിരിക്കുന്നു. കിഴക്കൻ സംസ്ഥാനങ്ങളായ ബീഹാർ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ പ്രദേശങ്ങളുടെ വികസനങ്ങൾക്കാണ് ഇപ്പോൾ കേന്ദ്രം പ്രാധാന്യം നല്കുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു.

എയിംസ് ബജറ്റിൽ അല്ല പ്രഖ്യാപിക്കുന്നതെന്നും സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി കഴിഞ്ഞാൽ മുൻഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ജോർജ് കുര്യൻ ഡൽഹിയിൽ മാധ്യമങ്ങളോട് അവകാശപ്പെട്ടു.

വയനാടിനുള്ള സഹായം ഡിസാസ്റ്റർ മാനേജ്മെൻ്റിന് കീഴിലാണ്. ബജറ്റിൽ ഉൾപ്പെടുത്താറില്ല.ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടിട്ടും ഇല്ല. ഒരു സംസ്ഥാനത്തിനും ദുരന്ത പാക്കേജ് ബജറ്റിൽ കൊടുക്കാറില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇന്നത്തെ ബജറ്റ് പ്രതിപക്ഷത്തിന് ഒഴിച്ച് ബാക്കിയെല്ലാവർക്കും തൃപ്തികരമാണ്. വളരെ വർഷങ്ങൾക്കുശേഷമാണ് ഇത്രയും തൃപ്തികരമായ ബജറ്റ് എന്നത് താൻ അംഗീകരിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിനായി 27382 കോടി രൂപ നികുതി ഇനത്തിൽ വകയിരുത്തിയിട്ടുണ്ടെന്നും ജോർജ് കുര്യൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top