എല്ലാം ഊരാളുങ്കലിന്; സര്‍വ്വകലാശാലകളിലെ കോടികളുടെ കരാറുകള്‍ ഇഷ്ടക്കാര്‍ക്ക്

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ മരാമത്ത് പണികളില്‍ ഭൂരിഭാഗവും ചെയ്യുന്നത് സിപിഎം ബന്ധമുളള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ നല്‍കിയ രേഖാമൂലമുളള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതാണ്. ഇതില്‍ ടെന്‍ഡര്‍ നടപടി പോലും പാലിക്കാത്ത കരാറുകളുമുണ്ട്.

കണ്ണൂര്‍, കാലിക്കറ്റ്, എംജി, മലയാളം, സാങ്കേതിക സര്‍വ്വകലാശാലകളുടെ 116 കോടി രൂപയുടെ മരാമത്ത് പണികളാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല 42 കോടി രൂപയുടെയും, കാലിക്കറ്റ് 30 കോടിയുടെയും, എം.ജി ഒന്നരക്കോടിയുടെയും, മലയാളം ഏകദേശം ഒരു കോടിയുടെയും സാങ്കേതിക സര്‍വ്വകലാശാല 42 കോടിയുടെയും കരാറാണ് ഊരാളുങ്കലിന് നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും, യുജിസിയില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന ഗ്രാന്റാണ് സര്‍വ്വകലാശാലകള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് ചിലവഴിക്കുന്നത്.

എംജിയില്‍ ബയോമെട്രിക് പഞ്ചിങ് മെഷീന്‍ നവീകരിക്കുവാനുള്ള കരാറും ഡിജിറ്റലൈസേഷന്‍ ജോലികള്‍ക്കും കെല്‍ട്രോണ്‍, സിഡിറ്റ് തുടങ്ങിയ അംഗീകൃത പാനലിലുള്ള സ്ഥാപനങ്ങള്‍ ഊരാളിങ്കലിനൊപ്പം ടെന്‍ഡര്‍ നല്‍കിയെങ്കിലും പിന്നീട് അവര്‍ പിന്‍മാറി. എല്ലാ സര്‍വകലാശാലകളിലും എഞ്ചിനീയറിങ് വിഭാഗം പ്രവര്‍ത്തിക്കുമ്പോഴാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ ഊരാളുങ്കലിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ കേരള സര്‍വകലാശാല ടെന്‍ഡര്‍ ക്ഷണിച്ചാണ് കരാറുകള്‍ നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കരാര്‍ തുകയുടെ പരമാവധി 20 ശതമാനം മാത്രമേ അഡ്വാന്‍സ് നല്‍കാന്‍ പാടുള്ളൂ. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ച് ഊരാളുങ്കലിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഊരാളുങ്കലിന് 50 ശതമാനം അഡ്വാന്‍സും നല്‍കിയിട്ടുണ്ട്. ടിവി ഇബ്രാഹിം എംഎല്‍എ യുടെ ചോദ്യത്തിനാണ് മന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top