എസ്എഫ്‌ഐക്കാര്‍ അക്രമിക്കൂട്ടം; യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് കമ്മറ്റി പിരിച്ചുവിടാന്‍ സിപിഎം നിര്‍ദേശം
പലവട്ടം ഇടപെട്ടിട്ടും തിരുത്തലിന് തയാറാകാത്ത യൂണിവേഴ്സ്റ്റി കോളേജിലെ കുട്ടിസഖാക്കളെ നേരിടാന്‍ സിപിഎം തീരുമാനം. യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചു. ഇതുപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ എസ്എഫ്‌ഐക്ക് ജില്ലാ നേതൃത്വം നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സിപിഎം നേരിട്ട് ഇടപെട്ടിട്ടും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയാണ് നടപടി സ്വീകരിക്കാൻ എസ്എഫ്ഐയോട് ആവശ്യപ്പെട്ടത്. യൂണിറ്റ് കമ്മിറ്റിക്ക് പകരം പുതിയ അഡ്‌ഹോക്ക് കമ്മിറ്റിയെ തെരെഞ്ഞെടുക്കും. നേരത്തെ എസ്എഫ്‌ഐക്കാരനെ ഭാരാവാഹികള്‍ കുത്തിയ കേസ് ഉണ്ടായപ്പോഴും കമ്മറ്റി പിരിച്ചുവിട്ടിരുന്നു. കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചതോടെയാണ് അന്ന് കമ്മറ്റിയെ പിരിച്ചുവിട്ടത്. കമ്മറ്റികള്‍ മാറിയാലും എസ്എഫ്‌ഐക്കാരായവരുടെ അതിക്രങ്ങള്‍ക്ക് കുറവില്ലെന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
എസ്എഫ്‌ഐ പ്രവര്‍ത്തകനായ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ആയിരുന്നു ആദ്യം യൂണിറ്റ് ഭാരവാഹികള്‍ മര്‍ദ്ദിച്ചത്. ഇതില്‍ നാലു പേരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ത്ഥിയെയും ഹോസ്റ്റലിനുള്ളില്‍ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നു. ഇതോടെയാണ് പാര്‍ട്ടി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here