കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: അഞ്ചു ദിവസം നീണ്ട കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. എട്ട് വേദികളിലായി അരങ്ങേറിയ കലാ മാമാങ്കത്തിന്റെ കിരീടം ചൂടാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജും മാർ ഇവാനിയോസ് കോളജും കടുത്ത പോരാട്ടത്തിലാണ്. 250 കോളജുകളിൽ നിന്നായി 5000ത്തോളം വിദ്യാർത്ഥികളാണ് ഇത്തവണത്തെ യുവജനോത്സവത്തിൽ മാറ്റുരച്ചത്.
115 ഇനങ്ങളിൽ 103 ഇനങ്ങളുടെ ഫലം പുറത്തു വന്നപ്പോൾ 221 പോയിന്റുമായി യൂണിവേഴ്സിറ്റി കോളജ് ആണ് ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്. തൊട്ട് പിന്നിൽ 219 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജുമുണ്ട്. 148 പോയിന്റുമായി തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജാണ് മൂന്നാം സ്ഥാനത്ത്. അവസാന ദിനമായ ഇന്ന് നടക്കുന്ന മത്സരങ്ങളുടെ ഫലം കൂടി വന്നാൽ മാത്രമേ കിരീട വിജയിയെ തീരുമാനിക്കാൻ സാധിക്കു.
അതേസമയം സംഘർഷങ്ങൾ നിറഞ്ഞത്തായിരുന്നു ഇത്തവണത്തെ യുവജനോത്സവം. കലോത്സവ വേദിയായിരുന്ന യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ഇന്നലെയും എസ്എഫ്ഐ- കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി. മത്സരം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ഇരുകൂട്ടരും വാദിച്ചു. പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. കൂടാതെ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മൂന്ന് വിധികര്‍ത്താക്കളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിധിനിർണയത്തിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി മത്സരാർത്ഥികളും രക്ഷിതാക്കളും പലവട്ടം വേദികളിൽ പ്രതിഷേധിച്ചതും ചര്‍ച്ചയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here