ഭയപ്പെടേണ്ട സാഹചര്യമില്ല; ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജം; അജ്ഞാത വൈറസിനെതിരെ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ നിർദേശം
ന്യൂഡൽഹി: ചൈനയിൽ അജ്ഞാത വൈറസ് കാരണം ന്യുമോണിയ പടരുന്നതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ ജാഗ്രതാ നിർദേശം. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കുട്ടികളിലും ഗർഭിണികളിലും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടുവരുന്നുണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശ്വാസകോശ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യമായ ജാഗ്രത നിർദേശങ്ങൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനങ്ങളള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. കോവിഡ് 19 മുന്‍കരുതലുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആദ്യം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ തന്നെയാണ് ന്യുമോണിയയുമായി ബന്ധപ്പെട്ടും സര്‍ക്കാരുകള്‍ പാലിക്കേണ്ടത്. ആശുപത്രികളിൽ കിടക്ക, മരുന്നുകൾ, വാക്സിനുകൾ, ഓക്സിജൻ, ആന്റിബയോട്ടിക്കുകൾ എന്നീ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നാണ് കത്തിൽ നിർദേശിച്ചിരിക്കുന്നത്.
കുട്ടികളിലും മുതിർന്നവരിലും രോഗലക്ഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രൊജക്റ്റ് യൂണിറ്റുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രോഗലക്ഷണം കാണിക്കുന്നവരുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സ്രവം ശേഖരിച്ച് പരിശോധനാനടപടികള്‍ വേഗത്തിലാക്കാനും കേന്ദ്രത്തിൻ്റെ നിര്‍ദേശമുണ്ട്.
രോഗബാധകളെ കുറിച്ച് ഗവേഷണം നടത്തുന്ന പ്രോമെഡ് പ്ലാറ്റ്‌ഫോമാണ് ചൈനയിൽ പടർന്ന് പിടിക്കുന്ന അജ്ഞാത ന്യുമോണിയയെ കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത്. കോവിഡ് വെറസിനെ സംബന്ധിച്ച് ആദ്യമായി പുറം ലോകത്തെ അറിയിച്ചതും പ്രോമെഡാണ്. വൈറസ് അപകടകാരിയല്ലെന്നും സാധാരണ വൈറസ് മാത്രമാണെന്നാണ് ചൈനയുടെ പ്രതികരണം. സാധാരണ കുട്ടികളിൽ പടരുന്ന വൈറസുകൾക്ക് അപ്പുറം പുതുതായി ഒന്നുമില്ലെന്നാണ് ചൈനയുടെ വിശദീകരണം.
ചൈനയുടെ വടക്കൻ മേഖലകളിൽ രോഗം പടരുന്ന സാഹചര്യരിൽ ലോകാരോഗ്യ സംഘടന പ്രത്യേക നിരീക്ഷണം ആരംഭിക്കുകയും എല്ലാ ലോക രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. വൈറസ് മനഷ്യരിൽനിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയും വൈറസ് ബാധിച്ചവർക്ക് മരണ സാധ്യതയും കുറവാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ചൈനയോട് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here