‘ഇത് മോഹൻലാലാണ്…’ തന്നെ വിസ്മയിപ്പിച്ച കലണ്ടറിന്റെ ഉറവിടം കണ്ടെത്തി ലാലേട്ടന്റെ വിളി; വിശ്വാസം വരാതെ രാജിഷ

‘ഹായ് രാജിഷ, ഇത് മോഹന്‍ലാല്‍ ആണ്. നടന്‍ മോഹന്‍ലാല്‍…’ രാവിലെ എണീറ്റ് വാട്സ്ആപ്പ് തുറന്നപ്പോള്‍ രാജിഷ രാജനെ കാത്ത് ഇങ്ങനെ ശബ്ദസന്ദേശം കിടപ്പുണ്ടായിരുന്നു ഫോണില്‍. സ്വപ്‌നം കാണുകയാണെന്ന് ആദ്യം കരുതി. ‘രവീ, എന്നെ ഒന്നു നുള്ളിക്കേ…’ ഭര്‍ത്താവ് രവിശങ്കറിനോട് രാജിഷ പറഞ്ഞു. സ്വപ്‌നമല്ല, സാക്ഷാല്‍ മോഹന്‍ലാലിന്റെ ശബ്ദം തന്നെയാണ് താനിപ്പോള്‍ കേട്ടതെന്ന് ഉറപ്പിക്കാന്‍ കുറച്ചു സമയമെടുത്തു. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ രാജിഷ എന്ന ചിത്രകാരി അദ്ദേഹത്തിന്റെ പന്ത്രണ്ടു കഥാപാത്രങ്ങളും ഡയലോഗുകളും വച്ച് 2024ലെ കലണ്ടര്‍ ഒരുക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ ആരാധനാപാത്രമായ ലാലേട്ടന്‍ അതൊന്നു കണ്ടെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു, പക്ഷെ പ്രതീക്ഷിച്ച വച്ചില്ല. ഫോട്ടോഗ്രഫറും സംവിധായകനുമായ അനീഷ് ഉപാസനയും ഗായിക നിത്യാ മാമനുമാണ് ആ ആഗ്രഹ പൂർത്തീകരണത്തിന് രാജിഷയെ സഹായിച്ചത്.

“‘നടനമോഹനം’ ഞാന്‍ തയ്യാറാക്കുന്ന നാലാമത്തെ കലണ്ടര്‍ ആണ്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമെല്ലാം ഹിറ്റ് ആയിരിക്കുന്ന സമയത്താണ് അടുത്ത വര്‍ഷത്തെ കലണ്ടറിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചുതുടങ്ങിയത്. രവിയാണ്, ലാലേട്ടന്റെ ഡയലോഗുകള്‍ വച്ച് കലണ്ടര്‍ ഒരുക്കിയാലോ എന്ന് ചോദിച്ചത്. കേട്ടപ്പോള്‍ തന്നെ ഐഡിയ എനിക്കിഷ്ടമായി. സിനിമ കണ്ടുതുടങ്ങിയ പ്രായം മുതലേ ഞാനൊരു കടുത്ത മോഹന്‍ലാല്‍ ഫാന്‍ ആണ്. അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട 12 ഡയലോഗുകള്‍ ആണ് ആദ്യം സിലക്ട് ചെയ്തത്. അതത്ര എളുപ്പമായിരുന്നില്ല. ചെറുപ്പം മുതലേ നമ്മള്‍ കേട്ടതും പറഞ്ഞു നടന്നതും നമ്മളെ കോരിത്തരിപ്പിച്ചതുമായ അനേകമനേകം ലാലേട്ടന്‍ ഡയലോഗുകള്‍ ഉണ്ട്. അതില്‍ നിന്ന് കഷ്ടപ്പെട്ടാണെങ്കിലും പന്ത്രണ്ടെണ്ണം ഫൈനലൈസ് ചെയ്തു. അടുത്തഘട്ടം വരയാണ്. അത് എളുപ്പമേയല്ല. മോഹന്‍ലാലാണ്, വളരെ സട്ടില്‍ ആയ ഭാവങ്ങള്‍ വരെ അനായാസം കണ്ണുകളില്‍ വിടരുന്ന നടന്‍. ഞാന്‍ ആദ്യം വരച്ചത് സ്ഫടികത്തിലെ ആടുതോമയെയാണ്. ‘ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്’ എന്ന ഡയലോഗിന്റെ അകമ്പടിയില്‍. അതാകുമ്പോള്‍ മുഖത്ത് സണ്‍ഗ്ലാസ് ഉള്ളതുകൊണ്ട് വരയ്ക്കാന്‍ കുറച്ച് എളുപ്പമായിരുന്നു. വരച്ചപ്പോള്‍ കൊള്ളാം എന്നൊരു ആത്മവിശ്വാസം എനിക്കു തോന്നി. എങ്കിലും പന്ത്രണ്ടു ചിത്രങ്ങളും വരച്ചു കഴിയുന്നത് വരെയും എനിക്ക് ഉറപ്പുണ്ടായിരുന്നില്ല, ഞാനിത് ചെയ്യുമെന്ന്. മൂന്നാഴ്ച സമയമെടുത്തു. എനിക്കു തോന്നുന്നു എന്റെ ഇതുവരെയുള്ള കലണ്ടറുകളില്‍ ഏറ്റവും കൂടുതല്‍ സമയമെടുത്തത് ഇതിനുവേണ്ടിയാകും. എത്ര വരച്ചിട്ടും ഒരു തൃപ്തി വരുന്നില്ലായിരുന്നു. ഞാന്‍ കുറേ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. അവരൊക്കെ നന്നായി എന്നുപറഞ്ഞു. അങ്ങനെയാണ് നടനമോഹനം എന്ന 2024ലെ കലണ്ടര്‍ തയ്യാറായത്. “

“വരച്ചു തീര്‍ന്നപ്പോള്‍ ഇതെങ്ങനെയെങ്കിലും ലാലേട്ടന്റെ അടുത്ത് എത്തിക്കണം എന്ന ആഗ്രഹമായി. പക്ഷെ ഒട്ടും പ്രതീക്ഷയില്ല. കാരണം അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണ്. നമുക്ക് എത്തിപ്പിടിക്കാന്‍ പറ്റുന്ന ഉയരത്തിലല്ല. 46 വര്‍ഷമായി സിനിമയിലുള്ള മനുഷ്യനാണ്. അദ്ദേഹം ഇനി കാണാന്‍ ഒന്നും ബാക്കിയുണ്ടാകില്ല. വരകളായും വാക്കുകളായും എത്രയോ പേര്‍ അദ്ദേഹത്തെ വര്‍ണിച്ചിട്ടുണ്ട്. പുള്ളിയെ എക്‌സൈറ്റ് ചെയ്യിക്കുക എന്നത് എത്രത്തോളം സാധ്യമാണ് എന്നെനിക്കറിയില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് എത്തിയാല്‍ എത്തി എന്നേ കരുതിയിട്ടുള്ളൂ. അനീഷ് ഉപാസന, നിത്യാ മാമന്‍, മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ ഭാരവാഹിയായ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരാണ് ലാലേട്ടന്റെ അടുത്തെത്താന്‍ സഹായിച്ചത്. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും സഹായിച്ചിട്ടുണ്ട്. കലണ്ടര്‍ കണ്ടു എന്ന് പറഞ്ഞു ലാലേട്ടന്‍ മെസ്സേജ് അയച്ച ദിവസം എനിക്കു പിന്നെ ഒന്നും ചെയ്യാന്‍ പറ്റിയില്ല. നൂറു തവണയിലധികം ആ മെസ്സേജ് ഞാന്‍ ആവര്‍ത്തിച്ചു കേട്ടിട്ടുണ്ട്. അതിശയോക്തിയല്ല. എനിക്കാ മെസ്സേജ് കാണാപാഠമാണ്. ഏതുറക്കത്തില്‍ ചോദിച്ചാലും പറയും.”

ചിത്രഗീതവുമായി കെ.എസ് ചിത്രയോടൊപ്പം രാജിഷ

2020ലെ ലോക്ക്ഡൗണ്‍ കാലത്താണ് ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരിയായിരുന്ന രാജിഷ തന്റെ ഉള്ളിലെ ചിത്രകാരിക്ക് ചായം ചാര്‍ത്തിയത്. ഒരു സുഹൃത്തിന്റെ വാട്ട്‌സ്ആപ് പ്രൊഫൈല്‍ ചിത്രം കണ്ട് ഇഷ്ടപ്പെട്ടപ്പോള്‍ അതൊന്ന് വരയ്ക്കാന്‍ ശ്രമിച്ചു. അതു ക്ലിക്കായി. സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന രാജിഷ പിന്നീട് തന്റെ പ്രിയപ്പെട്ട പാട്ടുകളുടെ വരികള്‍ ഉള്‍പ്പെടുത്തി ഗായകരുടെ ചിത്രങ്ങള്‍ വരച്ചു. ആ വര സോഷ്യല്‍ മീഡിയയില്‍ വൈറലായി. 2021ല്‍ പാട്ടുചെമ്പകങ്ങള്‍ എന്ന പേരില്‍ ആദ്യ കലണ്ടര്‍ പുറത്തിറക്കി. ഗായകരായ മിഥുന്‍ ജയരാജും സിതാര കൃഷ്ണകുമാറുമാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. 2022ല്‍ അക്ഷരനക്ഷത്രങ്ങള്‍ എന്ന പേരില്‍ പ്രിയപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങളും അവരുടെ പുസ്തകങ്ങളിലെ ഉദ്ധരണികളും ചേര്‍ത്ത് അടുത്ത കലണ്ടര്‍. അതു പ്രകാശനം ചെയ്തത് എംബി രാജേഷ് എംപിയാണ്. എഴുത്തുകാരായ കെ.ആര്‍ മീര, പ്രിയ എഎസ്, ടി.ഡി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ രാജിഷയുടെ കലണ്ടറിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതി. 2023ല്‍ കെ.എസ് ചിത്രയ്ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ചിത്രഗീതങ്ങള്‍ എന്ന പേരില്‍ രാജിഷ കലണ്ടര്‍ ഒരുക്കി. അത് പ്രകാശനം ചെയ്തത് ചിത്രയും. അച്ഛന്‍ രാജനും അമ്മ വിശാലാക്ഷിക്കും ഒപ്പം തിരുവനന്തപുരത്തെ ചിത്രയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് കലണ്ടര്‍ നല്‍കിയത്. വരച്ചുതീര്‍ന്നാല്‍ രാജിഷ ചിത്രങ്ങള്‍ അച്ഛനെയും അമ്മയെയും കാണിക്കാറുണ്ട്. പക്ഷെ വരയെക്കുറിച്ച് ഇതുവരെ അവരോട് അഭിപ്രായം ചോദിച്ചിട്ടില്ല. കണ്ണൂരിലെ വീട്ടിലിരുന്ന് മകള്‍ അയച്ച ചിത്രങ്ങള്‍ കാണുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന സന്തോഷവും അഭിമാനവും ഷിംലയിലെ വീട്ടിലിരുന്ന് രാജിഷ സങ്കല്‍പ്പിക്കും.

പാട്ടുചെമ്പകങ്ങൾ എന്ന സീരീസിൽ നിന്ന്

“2021 മുതല്‍ സ്ഥിരമായി എല്ലാവര്‍ഷവും എന്റെ കൈയില്‍ നിന്ന് കലണ്ടര്‍ വാങ്ങുന്നവരുണ്ട്. നവംബര്‍ അവസാനത്തോടെ ചിലരൊക്കെ ചോദിക്കും പുതുവര്‍ഷത്തില്‍ കലണ്ടര്‍ ഇല്ലേ എന്ന്. ഏറ്റവും കൂടുതല്‍ വിറ്റുപോയത് 2022ലെ അക്ഷരനക്ഷത്രങ്ങള്‍ എന്ന കലണ്ടറാണ്. ഞാന്‍ പഠിച്ചത് എഞ്ചിനിയറിങ് ആണ്. കുട്ടിക്കാലത്തൊന്നും വരച്ചതായൊരു ഓര്‍മ എനിക്കില്ല. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയപ്പോള്‍ സ്കൂളിൽ ഒപ്പം പഠിച്ച കൂട്ടുകാര്‍ മെസ്സേജ് അയച്ചിരുന്നു, നീ പണ്ട് ക്ലാസിലൊക്കെ ഇരുന്ന് വെറുതെ വരയ്ക്കുമായിരുന്നല്ലോ, എന്ന്. പക്ഷെ എനിക്കത് ഓര്‍ത്തെടുക്കാനേ പറ്റുന്നില്ല. ലോക്ക്ഡൗണില്‍ വര്‍ക്ക് ഫ്രം ഹോം ആയ സമയത്തെ വിരസതയ്ക്ക് ആകെയുണ്ടായിരുന്ന കൂട്ട് വരയായിരുന്നു. പിന്നെപ്പിന്നെ ഈ വര തലവര മാറ്റുമെന്ന് തോന്നിത്തുടങ്ങി. ഇത് തൊഴിലാക്കി എടുക്കാം എന്നൊരു ധൈര്യം പതിയെ ഉണ്ടായിവന്നു. അങ്ങനെ ജോലി വിട്ടു. എല്ലാവരും ചോദിച്ചു ജോലി വേണ്ടെന്നുവച്ചത് അല്പം കടന്നു പോയില്ലേ എന്ന്. പക്ഷെ എനിക്ക് ഒരു ഘട്ടത്തിലും അങ്ങനെ തോന്നിയിട്ടില്ല. ഇപ്പോള്‍ ഞാനും സുഹൃത്ത് സുബീഷും കൂടി സ്വന്തമായൊരു സ്ഥാപനം തുടങ്ങി. ‘അനാര്‍’ എന്നാണ് പേര്. അനാര്‍ എന്നാല്‍ വെളിച്ചം. വരകളിലും ശില്പങ്ങളിലുമാണ് ഞങ്ങള്‍ ഫോക്കസ് ചെയ്തിരിക്കുന്നത്.”

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top