രക്തത്തില്‍ കുളിച്ച് ഉണ്ണി മുകുന്ദന്‍; ‘മാര്‍ക്കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി; വായില്‍ ചോര പുരണ്ട കത്തിയുമായി നില്‍ക്കുന്നത് നായകനോ വില്ലനോ എന്ന് കണ്ടറിയാം

മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വയലന്‍സ് ഉള്ള ചിത്രമായിരിക്കും മാര്‍ക്കോ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ മുമ്പ് പറഞ്ഞിരുന്നത്. ആ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള ഫസ്റ്റ് ലുക്ക് ആണ് ഇപ്പോള്‍ ടീം മാര്‍ക്കോ പുറത്തുവിട്ടിരിക്കുന്നത്. രക്തത്തില്‍ കുളിച്ചു വായില്‍ രക്തം പുരണ്ട കത്തി കടിച്ചു നില്‍ക്കുന്ന മാര്‍ക്കോയാണ് പോസ്റ്ററില്‍ ഉള്ളത്. ഉണ്ണി മുകുന്ദന്‍ പറഞ്ഞതു പോലെ ചിത്രത്തിന്റെ വയലന്‍സ് ലെവല്‍ എത്രത്തോളമാണെന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കൂടി തന്നെ അണിയറപ്രവര്‍ത്തകര്‍ സൂചന നല്‍കുന്നുണ്ട്.

2019ല്‍ ഹനീഫ് അദേനി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം മിഖായേലിലെ വില്ലന്‍ കഥാപാത്രമായിരുന്നു മാര്‍ക്കോ ജൂനിയര്‍. ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് മാര്‍ക്കോ ഒരുങ്ങുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ മാര്‍ക്കോ വില്ലനാണോ നായകനാണോ എന്ന കാര്യം ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദന്‍ ഫിലിംസും ചേര്‍ന്നാണ് വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഒരു ഫുള്‍ പാക്കഡ് ആക്ഷന്‍ സിനിമയായ മാര്‍ക്കോ നിര്‍മിക്കുന്നത്. ആറ് ഭാഷകളില്‍ ആണ് പോസ്റ്റര്‍ ഇറങ്ങിയത്. സമ്പൂര്‍ണ ആക്ഷന്‍ എന്റര്‍ടെയ്നര്‍ എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മുമ്പൊരിക്കല്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. ‘ആളെ നിങ്ങള്‍ക്കറിയാം, ഇനി അയാളുടെ ചരിത്രമറിയാന്‍ തയ്യാറായിക്കൊള്ളൂ,’ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകള്‍.

സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

ഹോളിവുഡിനോടും, ബോളിവുഡിനോടും കിടപിടിക്കും വിധത്തിലുള്ള എട്ട് ഫൈറ്റ് രംഗങ്ങളാണ് ഹനീഫ് അദേനി ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അമീര്‍ ഖാന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കോറിയോഗ്രാഫി ഒരുക്കുന്ന കലൈസിംഗ് സണ്‍, സ്റ്റണ്ട് സെല്‍വ തുടങ്ങിയ പ്രമുഖരാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. ആധുനിക സാങ്കേതികവിദ്യ മികവുകളോടെ വന്‍മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റം മികച്ച ഹൈ വോള്‍ട്ടേജ് കഥാപാത്രത്തെയായിരിക്കും സമ്മാനിക്കുക എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top