പുകഞ്ഞുകത്തി പോലീസ് തലപ്പത്തെ അന്തഛിദ്രം… ദർവേഷ് സാഹിബിനും അജിത് കുമാറിനും ഇടയിലെന്ത്

സംസ്ഥാന പോലീസ് മേധാവിയായി സേനയുടെ തലപ്പത്തെത്തിയ ഷെയ്ഖ് ദർവേഷ് സാഹിബ് സ്വതവേ സൗമ്യനും ലോ പ്രൊഫൈൽ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥനും ആയിരുന്നു. കരിയറിൽ ഒരുഘട്ടത്തിലും മാധ്യമങ്ങൾക്ക് മുന്നിലൊന്നും പ്രത്യക്ഷപ്പെടാതെ കഴിഞ്ഞ ഇങ്ങനൊരാൾ പോലീസിൻ്റെ തലപ്പത്തുണ്ടെന്ന് പോലും പലർക്കും അറിയാത്ത കാലമുണ്ടായിരുന്നു. പ്രധാനപ്പെട്ട കേസ് അന്വേഷണങ്ങളിലൊന്നും അദ്ദേഹം ഉൾപ്പെട്ടിരുന്നില്ല. പൊടുന്നനെ പോലീസ് മേധാവിയായി എത്തിയപ്പോൾ ഇക്കാരണങ്ങൾ കൊണ്ടെല്ലാം അദ്ദേഹത്തിന് പല കാര്യങ്ങളിലും പരിമിതികൾ ഉണ്ടായിരുന്നു.
ഇതേകാലത്ത് ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡിജിപിയായി എത്തിയ എം ആർ അജിത് കുമാർ സ്വാഭാവികമായും ഡിജിപിയുടെ റോൾ ഏറ്റെടുത്ത് പെരുമാറുന്ന സാഹചര്യം പലപ്പോഴും ഉണ്ടായി. കീഴുദ്യോഗസ്ഥരെ കൈകാര്യം ചെയ്യുന്ന കാര്യങ്ങൾ മുതൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ലെയ്സൺ വരെയുള്ള കാര്യങ്ങളിൽ ഡിജിപിയെ ബൈപ്പാസ് ചെയ്യുന്ന സൂപ്പർ ഡിജിപിയായി എഡിജിപി മാറുന്ന സ്ഥിതിയുണ്ടായി. സ്വാഭാവികമായും ലോപ്രൊഫൈലിൽ നിൽക്കുന്നയാളെന്ന നിലയിൽ ദർവേഷ് സാഹിബിന് ഒരുഘട്ടം വരെയും ഇതത്ര പ്രശ്നമായി തോന്നിയതുമില്ല.
2024 ജൂണിൽ പോലീസ് മേധാവി സ്ഥാനത്ത് അദ്ദേഹത്തിൻ്റെ കാലാവധി സർക്കാർ നീട്ടിക്കൊടുക്കുകയും സെപ്തംബറിൽ എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ രംഗത്ത് എത്തുകയും ചെയ്തതിന് പിന്നാലെ ദർവേഷ് സാഹിബിൻ്റെ നീക്കങ്ങളിലും പ്രകടമായ വ്യത്യാസം കണ്ടുതുടങ്ങി. തൃശൂർ പൂരം കലക്കി എന്നതടക്കം അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപിയെ അന്വേഷണത്തിന് സർക്കാർ നിയോഗിച്ചത് അജിത് കുമാറിന് നിർണായകമായി. അവിടം മുതലിങ്ങോട്ട് ഡിജിപിയുടെ എല്ലാ റിപ്പോർട്ടുകളും അജിത് കുമാറിന് എതിരായി. അൻവർ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ വിജിലൻസ് അന്വേഷിച്ചത് മാത്രമാണ് അജിതിന് രക്ഷയായത്.
അൻവർ കുടം തുറന്നുവിട്ട ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഐജിയായിരുന്ന പി വിജയന് മലപ്പുറം കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിൽ പങ്കുണ്ടെന്ന അതീവ ഗുരുതരമായ ആരോപണം അജിത് കുമാർ ഉന്നയിച്ചത്. ഡിജിപിക്ക് നൽകിയ മൊഴിയിൽ പറഞ്ഞ ഇക്കാര്യം, മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസാണ് തന്നെ അറിയിച്ചത് എന്നും അജിത് പറഞ്ഞിരുന്നു. എന്നാൽ സുജിത് ദാസ് ഇത് നിഷേധിച്ചതോടെ അജിത് കുമാറിന് വീണ്ടും കുരുക്കായി. ഇതിൽ നടപടി ആവശ്യപ്പെട്ട് പി വിജയൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അജിതിനെതിരെ കേസെടുക്കാമെന്ന് ഡിജിപി കഴിഞ്ഞ ദിവസം ശുപാർശ നൽകിയത്.
കേരള പോലീസിൻ്റെ തലപ്പത്തെ അത്യപൂർവ അധ്യായമായി മാറുകയാണ് ഇത്. ഐപിഎസ് ഒരേ ബാച്ചിൽപെട്ടവർ തമ്മിലും സമകാലീനർ തമ്മിലും തലപ്പത്തേക്ക് എത്തുമ്പോൾ മൂപ്പിളമ തർക്കം എക്കാലത്തും പതിവാണെങ്കിലും ഈ മട്ടിലുള്ള ഗുരുതര ആരോപണങ്ങൾ പരസ്പരം പരസ്യമായി ഉന്നയിച്ചു കൊണ്ടുള്ള തർക്കം സമാനതകൾ ഇല്ലാത്തതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സർക്കാരിൻ്റെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെയും നിലപാട് നിർണായകമാകും. രഹസ്യമായി ആർഎസ്എസ് നേതാക്കളെ കാണാൻ പോയെന്നും ആരോപണ വിധേയനായി സർക്കാരിന് തലവേദന ഉണ്ടാക്കിയെങ്കിലും അജിതിനെ മുഖ്യമന്ത്രി ഇനിയും കൈവിട്ടിട്ടില്ല.
എന്നാൽ സർക്കാർ തന്നെ സംസ്ഥാന ഇൻ്റലിജൻസിൻ്റെ മേധാവിയായി നിയമിച്ചിരിക്കുന്ന പി വിജയൻ്റെ ആവശ്യവും തള്ളാനാവില്ല. ഈ സ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് വിജയനുണ്ടായ സസ്പെഷന് വരെ കാരണക്കാരനായത് അജിത് കുമാർ ആണെന്നത് നിസാരമായെടുക്കാൻ വിജയനാവില്ല. പല കാര്യങ്ങളിൽ വിജയനോട് സർക്കാരിലെ ചിലർക്കുണ്ടായ അതൃപ്തി ഭംഗിയായി മുതലെടുക്കാൻ അജിത് കുമാറിന് കഴിഞ്ഞു എന്നതാണ് വാസ്തവം. അതിൻ്റെ ഫലമായിരുന്നു ഐജി റാങ്കിൽ നിൽക്കെയുണ്ടായ വിജയൻ്റെ സസ്പെൻഷൻ. ആറുമാസം പുറത്തുനിന്നെങ്കിലും അന്വേഷണത്തിൽ ആരോപണങ്ങൾ ആവിയായതോടെ എഡിജിപിയായി പ്രമോഷൻ നേടി ഇൻ്റലിജൻസ് തലപ്പത്തേക്ക് എത്താനായി.
ഇപ്പോഴത്തെ അവസ്ഥയിൽ ഇരുകൂട്ടർക്കും ഹിതകരമാകും വിധം വിഷയത്തിൽ ഒത്തുതീർപ്പിനുള്ള വഴി കണ്ടെത്താനാകും സർക്കാർ ശ്രമിക്കുക. ഡിജിപിയുടെ ശുപാർശ അംഗീകരിച്ച് അജിത് കുമാറിനെതിരെ കേസെടുക്കാൻ സാധ്യത വളരെ വിരളമാണ്. എന്നാൽ ഇത്രക്ക് പൊതുചർച്ചയായി മാറിപ്പോയ വിഷയത്തിൽ ഏതെങ്കിലും വിധത്തിലുള്ള കോംപ്രമൈസ് ഇരുകൂട്ടർക്കും ഡാമേജ് ഉണ്ടാക്കും എന്നതും വസ്തുതയാണ്. അല്ലെങ്കിൽ സർക്കാർ ഉരുക്കുമുഷ്ടി പ്രയോഗിക്കണം. അതേസമയം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഈ വിഷയങ്ങളുടെ പേരിൽ തുടങ്ങിയിട്ടുള്ളതല്ല എന്ന കാര്യത്തിൽ സർക്കാരിനും നല്ല ധാരണയുണ്ട് എന്നതാണ് വാസ്തവം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here