മന്ത്രിയ്ക്ക് എതിരെ നടന്നത് ജാത്യാധിക്ഷേപം; അയിത്തം ഞെട്ടിക്കുന്നു; ശക്തമായ നടപടി വേണമെന്ന് കേരള നവോത്ഥാന സമിതി

തിരുവനന്തപുരം: ദേവസ്വം മന്ത്രിയ്ക്ക് നേരെ അയിത്തം പ്രകടിപ്പിച്ച് അപമാനിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് കേരള നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പി.രാമഭദ്രന്‍ ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനു ക്ഷേത്രത്തിലെ ഔദ്യോഗിക പരിപാടിക്കിടെ അയിത്തം നേരിടേണ്ടി വന്ന കാര്യം മാധ്യമ സിന്‍ഡിക്കറ്റ് വാര്‍ത്ത വഴിയാണ് അറിഞ്ഞത്.

ഈ സംഭവം ഒരു കാരണവശാലും മൂടിവയ്ക്കേണ്ടതല്ല. ഏത് ക്ഷേത്രത്തില്‍ എങ്ങനെ എപ്പോള്‍ സംഭവിച്ചു എന്ന കാര്യത്തില്‍ അന്വേഷണം വേണം. സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണം-രാമഭദ്രന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഏത് ക്ഷേത്രത്തില്‍ വെച്ചാണ് അയിത്തം അനുഭവിക്കേണ്ടി വന്നതെന്ന് മന്ത്രി വ്യക്തമാക്കണം. ഇത് മറച്ച് വയ്ക്കേണ്ട കാര്യമല്ല. ഈ കാര്യത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം.

ഉദ്ഘാടനത്തിനു വിളക്ക് കൊളുത്താന്‍ മന്ത്രിയ്ക്ക് നല്‍കേണ്ട തിരി കത്തിച്ച ശേഷം നിലത്ത് വെച്ച് എടുക്കാന്‍ ആവശ്യപ്പെട്ട പൂജാരിയും സഹ പൂജാരിയും ആരെന്ന കാര്യം വെളിച്ചത്ത് വരണം. എന്ത് അടിസ്ഥാനത്തിലാണ് പൂജാരി തിരി താഴെ വച്ചതെന്നും എന്തുകൊണ്ടാണ് തിരി മന്ത്രിയ്ക്ക് കൈമാറാത്തതെന്നും അന്വേഷിക്കേണ്ടതുണ്ട്. താഴെ തിരിവെച്ച് അത് എടുത്ത് കത്തിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടത് തനി മര്യാദകേടും ഈശ്വര നിന്ദയും ജാതിവിവേചനവുമാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ദൈവത്തിനു മുന്‍പില്‍ എല്ലാവരും സമന്മാരാണെന്ന പൊതു തത്വശാസ്ത്രമുണ്ട്. ആ തത്വശാസ്ത്രമനുസരിച്ച് മന്ത്രിയല്ല ആരു വന്നാലും നിലവിളക്ക് കത്തിക്കുന്നതില്‍ വിഘാതം വരരുത്. പൂജാരി എന്ന് പറഞ്ഞാല്‍ തൊഴില്‍ ചെയ്യുന്ന ജോലിക്കാരനാണ്. ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം അങ്ങനെയാണ് പരിഗണിക്കുന്നത്. പൂജാരിമാര്‍ എത്രയോ സമരങ്ങള്‍ നടത്തിയിരിക്കുന്നു. ഇവരെല്ലാം ദേവസ്വം ബോര്‍ഡ് ജീവനക്കാരുമാണ്. ഈ രീതിയില്‍ ഉള്ള കാര്യങ്ങള്‍ തൊഴിലിന്റെ ഭാഗമായാലും ധര്‍മ്മശാസ്ത്രത്തിന്റെ ഭാഗമായാലും പദവിയുടെ ഭാഗമായാലും ചെയ്യാന്‍ പാടുള്ളതല്ല. ഇത് തീര്‍ത്തും നിന്ദ്യമായ കാര്യമാണ്.

കേരളത്തില്‍ ജാതിമതവിശ്വാസങ്ങള്‍ ഇല്ലെന്നു പറയുന്നു. കുറെ വര്‍ഷങ്ങളായി ഈ രീതിയിലുള്ള വിവേചനം കുറവുമാണ്. പ്രകടമായ ജാതിവിവേചനത്തെക്കാള്‍ അപകടകാരിയാണ് ഉള്ളിലുള്ള ജാതി വിവേചനം. മന്ത്രിയോട് ഇതാണ് അവസ്ഥ എങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും? അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഇടപെട്ടു ശക്തമായ നടപടി സ്വീകരിക്കണം. അന്വേഷണം വേണം. പോലീസിനും സ്വമേധയാ ഇടപെടാന്‍ കഴിയും. ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും നവോത്ഥാന സമിതിയുടെ ഭാഗത്ത് നിന്നും വരില്ലെന്നും രാമഭദ്രന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top