ദേവസ്വംമന്ത്രിയ്ക്ക് അയിത്തം നേരിട്ടിട്ടും വെളിപ്പെടുത്താന്‍ 6 മാസമെടുത്തത് ശരിയായില്ല; ജാതി വിവേചനം തുടരുന്നു; ഭരണവും ക്ഷേത്രങ്ങളും നിയന്ത്രിക്കുന്നത് സവര്‍ണ്ണ ലോബികളെന്നും വെള്ളാപ്പള്ളി മാധ്യമ സിന്‍ഡിക്കറ്റിനോട്

തിരുവനന്തപുരം: ദേവസ്വംമന്ത്രിയ്ക്ക് ക്ഷേത്രത്തില്‍ നിന്നും അയിത്തം നേരിടേണ്ടി വന്നിട്ടും അത് വെളിപ്പെടുത്താന്‍ ആറുമാസമെടുത്തത് ശരിയായില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്ഷേത്രങ്ങളില്‍ നിന്നും ഒരു നീതിയും ഹിന്ദുക്കള്‍ക്ക്, പ്രത്യേകിച്ചും പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്-വെള്ളാപ്പള്ളി നടേശന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. മന്ത്രി രാധാകൃഷ്ണന് ക്ഷേത്രത്തില്‍ നിന്നും അയിത്തം നേരിടേണ്ടി വന്നുവെന്ന മാധ്യമ സിന്‍ഡിക്കറ്റ് ഏക്‌ക്ലൂസീവ് വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അയിത്തം കേരളത്തില്‍ തുടരുകയാണ്. സവര്‍ണ്ണ വിഭാഗത്തെ നിയന്ത്രിക്കാന്‍ ഒരു സര്‍ക്കാരിനും സാധിക്കുന്നില്ല. അവര്‍ക്ക് തന്നെയാണ് സര്‍ക്കാരുകള്‍ പ്രോത്സാഹനം നല്‍കുന്നതും. സവര്‍ണര്‍ സംഘടിതരാണ്. വോട്ടു ബാങ്കുമാണ്. ഇവര്‍ക്കെതിരെ നീങ്ങാന്‍ സര്‍ക്കാരുകള്‍ക്ക് ഭയമാണ്.

ദേവസ്വം മന്ത്രിയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം എന്തായിരിക്കും. ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുത്ത അവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ടവരെ ശാന്തി ജോലി ചെയ്യിക്കാതിരുന്നിട്ടുണ്ട്. വര്‍ഷങ്ങളോളം യുദ്ധം ചെയ്തിട്ടും ഇതിനു ഒരു പരിഹാരവുമുണ്ടായിട്ടില്ല. അവരെക്കൊണ്ട് ശാന്തി ജോലിയല്ലാത്ത വേറെ ജോലി ചെയ്യിപ്പിക്കും. സവര്‍ണ്ണവിഭാഗം ശാന്തി ജോലി കുത്തകയായി വെച്ചിരിക്കുകയാണ്. തീരുമാനമെടുക്കാന്‍ ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ വന്നാല്‍ മാത്രമേ അയിത്തത്തിനു പരിഹാരമുണ്ടാക്കാന്‍ കഴിയൂ.

കേരളത്തില്‍ ഏകകക്ഷി ഭരണം വരണം. അപ്പോഴേ ഇതിനു ഒരു പരിഹാരമാകൂ. കേരളത്തില്‍ ജനാധിപത്യം പറയുമെങ്കിലും സീറ്റുകള്‍ ജാതികള്‍ക്ക് പങ്കിട്ട് നല്‍കുകയാണ്. സീറ്റുകള്‍ പാര്‍ട്ടിയ്ക്കല്ല ജാതിയ്ക്കാണ് പങ്കിടുന്നത്. കേരളത്തില്‍ സവര്‍ണ്ണവിഭാഗത്തില്‍പ്പെട്ട മന്ത്രിമാരുടേയും എംഎല്‍എമാരുടെയും എണ്ണം ഉയര്‍ന്ന തോതിലാണ്. അധികാരത്തില്‍ സവര്‍ണ്ണ വിഭാഗത്തിന്റെ പങ്കാളിത്തം കൂടുതലാണ്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം ശ്രദ്ധിച്ചാലും തോത് ഉയര്‍ന്നതാണ് എന്ന് മനസിലാകും. അന്നും ഇന്നുമെല്ലാം ഈ ലോബികള്‍ തന്നെയാണ് അധികാരകേന്ദ്രങ്ങളായി തുടരുന്നത്.

സവര്‍ണ്ണതാത്പര്യങ്ങളെ തൊടാന്‍ ഭരണകൂടങ്ങള്‍ മടിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. കേരളത്തില്‍ ജാതിവ്യവസ്ഥയും ജാതി വിവേചനവും ഇല്ലാതാകാന്‍ ഇനിയും ഒരു നൂറു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 76 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അയിത്തം മാറിയോ? സവര്‍ണ്ണ വിഭാഗത്തെ നിയന്ത്രിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാരിനു കഴിയാത്തതെന്നു ആലോചിക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ പോലും അവര്‍ണ്ണവിഭാഗക്കാര്‍ക്ക് വേണ്ടി പറയുന്നില്ല. കഴുതക്കാമം കരഞ്ഞു തീര്‍ക്കേണ്ട അവസ്ഥയാണ്-വെള്ളാപ്പള്ളി പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top