ദേവസ്വം മന്ത്രിയ്ക്ക് നേരെ ജാതി അയിത്തം; ക്ഷേത്രത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്ന് മാധ്യമ സിന്‍ഡിക്കറ്റിനോട് മന്ത്രി; വിവാദം

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: ക്ഷേത്രത്തില്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനു നേരെ ജാതി അയിത്തം. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ദേവസ്വം മന്ത്രി തന്നെ അതിന്നിരയായി എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. തനിക്ക് നേരിട്ട ജാതി വിവേചനം കോട്ടയത്ത് നടന്ന വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍ ഇന്നലെ മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്.

ഉദ്ഘാടനത്തിനു നിലവിളക്ക് കൊളുത്താന്‍ കൊണ്ട് വന്ന തിരി മന്ത്രിയ്ക്ക് നല്‍കിയില്ല. പ്രധാന പൂജാരി നിലവിളക്ക് കൊളുത്തിയ ശേഷം സഹപൂജാരിയ്ക്ക് നല്‍കി. പൂജാരി ആ തിരി മന്ത്രിയ്ക്ക് കൈമാറിയില്ല. നിലത്ത് വെച്ച ശേഷം എടുത്ത് കത്തിക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. എന്നാല്‍ മന്ത്രി നിലത്ത് നിന്നും തിരി എടുത്ത് കത്തിച്ചില്ല.

ഉദ്ഘാടന പ്രസംഗത്തില്‍ ജാതി അയിത്തത്തിന്നെതിരെ മന്ത്രി ആഞ്ഞടിച്ചു. ”തനിക്ക് അയിത്തം കല്‍പ്പിക്കുന്ന നിങ്ങള്‍ ഞാന്‍ നല്‍കുന്ന പണത്തിനു അയിത്തം കല്‍പ്പിക്കാറില്ലല്ലോ. കേരളത്തില്‍ അയിത്തമില്ലെങ്കിലും ചിലരുടെ മനസ്സില്‍ അയിത്തം നിലനില്‍ക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ അവ ചിലര്‍ എടുത്തുപയോഗിക്കുന്നു”. ക്ഷേത്രത്തിലെ പ്രസംഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.

”ജാതി വിവേചനം നേരിട്ട കാര്യം സത്യമാണ്. പക്ഷെ അത് ഞാന്‍ ഇനിയും പ്രസ് ചെയ്യുന്നില്ല. പ്രധാന ക്ഷേത്രത്തില്‍ വെച്ചല്ല സംഭവം നടന്നത്. സ്ഥലവും ക്ഷേത്രവും വെളിപ്പെടുത്തിയാല്‍ കടുത്ത പ്രതിഷേധം വരും. വാര്‍ത്ത‍യാക്കാന്‍ വേണ്ടി പറഞ്ഞതല്ല. പ്രസംഗമമധ്യേ പറഞ്ഞതാണ്”-മന്ത്രി രാധാകൃഷ്ണന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും ജാതി വേർതിരിവ് കേരളത്തില്‍ തുടരുന്നു എന്ന് തന്നെയാണ് മന്ത്രിയ്ക്ക് നേരിട്ട ജാതി അയിത്തം ചൂണ്ടിക്കാണിക്കുന്നത്. അയിത്ത വ്യവസ്ഥയെ തള്ളിക്കളയാന്‍ മലയാളി മനസില്‍ ഇപ്പോഴും വിമുഖതയാണ്. ദേവസ്വം മന്ത്രിയ്ക്ക് തന്നെ ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരന്റെ കാര്യം പറയാതിരിക്കുകയാവും ഭേദം. തനിക്ക് നേരിട്ട ജാതി വിവേചനത്തില്‍ ശക്തമായ പ്രതിഷേധം മന്ത്രിയ്ക്ക് ഉണ്ടെന്നു പ്രസംഗത്തില്‍ തന്നെ തെളിഞ്ഞിട്ടുണ്ട്. പ്രത്യക്ഷമായ അയിത്താചരണമാണ് മന്ത്രിയ്ക്ക് നേരിടേണ്ടി വന്നത്. നവോത്ഥാനവും ജ്ഞാനോദയവുമെല്ലാം തുടര്‍പ്രക്രിയ മാറേണ്ട ആവശ്യമാണ് മന്ത്രിയ്ക്ക് നേരിട്ട അനുഭവം ചൂണ്ടിക്കാട്ടുന്നത്.

ഇടതുപക്ഷം ഭരിക്കുമ്പോഴാണ് ഒരു സിപിഎം മന്ത്രിയ്ക്ക് ജാതിവിവേചനം നേരിടേണ്ടി വന്നിരിക്കുന്നത് എന്നതും ഞെട്ടിപ്പിക്കുന്നതാണ്. സാംസ്കാരികമായി ഉയര്‍ന്ന നിലവാരം, നൂറു ശതമാനം സാക്ഷരത എന്നൊക്കെ അഭിമാനം കൊള്ളുന്ന സംസ്ഥാനത്താണ് ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത മന്ത്രിയ്ക്ക് നേരെ ഇത്തരത്തില്‍ ജാതി വിവേചനം നടന്നിരിക്കുന്നത്. സംഭവം കേരളത്തിന്റെ സാമൂഹ്യമനസാക്ഷിയെ പിടിച്ചുലച്ചിട്ടുണ്ട്.

Logo
X
Top