ആഗ്രഹിക്കാത്ത ഗർഭധാരണം കേരളത്തില്‍ വര്‍ധിക്കുന്നു; കാരണം വെളിപ്പെടുത്തി ഗവേഷകര്‍
അപ്രതീക്ഷിതവും ആഗ്രഹിക്കാത്തതുമായ ഗർഭധാരണ നിരക്ക് കൂടുതലുള്ള ജില്ലകളുടെ പട്ടികയിൽ കേരളത്തിലെ ജില്ലകളും. നിരക്ക് ഏറ്റവും കൂടുതലുള്ള 82 ഇന്ത്യൻ ജില്ലകളുടെ പട്ടികയിൽ സംസ്ഥാനത്തെ നാല് ജില്ലകളാണ് ഉൾപ്പെട്ടിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവടങ്ങളിൽ ദേശീയ ശരാശരിയേക്കാളും കൂടുതലാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബിഎംസി പ്രെഗ്നൻസി ആൻഡ് ചൈൽഡ് ബർത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഡൽഹിയിലെ ആറും ബംഗാളിലെ മൂന്നും ജില്ലകൾ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ദേശീയ ശരാശരിയനുസരിച്ച് 1,000 ഗർഭധാരണങ്ങളിൽ 91 എണ്ണം ഇത്തരം ഗർഭധാരണങ്ങളാണ്. അതായത് 9.1 ശതമാനം. ഇത് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ 1,000ൽ 34 എന്ന ശരാശരിയുടെ മൂന്നിരട്ടിയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ആഗ്രഹിക്കാത്ത ഗർഭധാരണ നിരക്ക് 18.6 ശതമാനമാണ്. അഥവാ ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം. ബംഗാളിലെ ബിർഭം, മാൾഡ, നോർത്ത് ദിനാജ്പൂർ എന്നിവയും കേരളത്തിലെ കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവ ഉൾപ്പെടുന്ന 82 ജില്ലകളിൽ അപ്രതീക്ഷിത ഗർഭധാരണ നിരക്ക് 15 ശതമാനത്തിൽ കൂടുതലാണ്. രാജ്യത്തെ 137 ജില്ലകളിൽ ഇത് 10 മുതൽ 15 ശതമാനം വരെയാണ് എന്നാണ് റിപ്പോർട്ടുകൾ.
ബീഹാറിൽ 30, ഉത്തർപ്രദേശിൽ 14, മധ്യപ്രദേശിൽ 8, ഡൽഹിയിൽ 6, ഹരിയാനയിൽ 4, ബംഗാൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 3 വീതം ജില്ലകളിൽ 15 ശതമാനത്തിലധികം ഇത്തരത്തില്‍ ഗർഭധാരണം നടക്കുന്നതായിട്ടാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. കേരളം, ഡൽഹി, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഉയർന്ന നിരക്കുകൾ ആശ്ചര്യജനകമാണെന്ന് പഠനത്തിൻ്റെ ഭാഗമായ ഗവേഷകയും എഴുത്തുകാരിയുമായ മഹാശ്വേത ചക്രബർത്തി പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ നിരക്ക് വർധിക്കാനുള്ള കാരണവും വ്യത്യസ്തമായിരിക്കാം എന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിലെ ഉയർന്ന നിരക്കുകൾ ഗർഭനിരോധന മാർഗങ്ങളിലേക്കും മെച്ചപ്പെട്ട പ്രത്യുൽപാദന ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണത്തിലേക്കും കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് സൂചിപ്പിക്കുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നഗരവൽക്കരിക്കപ്പെട്ട ഡൽഹി, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സാംസ്കാരിക മുൻഗണനകളും സാമൂഹിക മാനദണ്ഡങ്ങളും നിരക്ക് വർധനവിനെ സ്വാധീനിക്കുന്നതായി ഗവേഷകർ വിലയിരുത്തുന്നു.
ഡൽഹിയിലോ ഹരിയാനയിലോ ഉള്ള താരതമ്യേന സമ്പന്നമായ ജില്ലകളിലെ ഉയർന്ന നിരക്ക് ഒരു ആൺകുഞ്ഞിനോട് ദീർഘകാലമായി നിലനിൽക്കുന്ന സാംസ്കാരിക മുൻഗണനകളിൽ നിന്ന് ഉണ്ടായാതാവാം. എന്നാൽ ചിലപ്പോൾ ഇത് ഒരു ചെറിയ കുടുംബത്തോടുള്ള മുൻഗണനയുടെ ഫലവുമാകാം. മാതാപിതാക്കൾക്ക് ചെറിയ കുടുംബം മതിയെന്നാണെങ്കിൽ ‘അധിക’ കുട്ടിയെ ഉദ്ദേശിക്കാത്തപ്പോൾ ഉണ്ടാവുന്ന ഗർഭധാരണത്തെ അപ്രതീക്ഷിത ഗർഭധാരണമായി തരംതിരിച്ചേക്കാനുള്ള സാധ്യതയുണ്ടെന്നും മഹാശ്വേത ചക്രബർത്തി വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here