2027-ല്‍ യുപി പിടിക്കാന്‍ കോണ്‍ഗ്രസ്; എസ്പിയെ പിന്നിലേക്ക് തള്ളും; പുനസംഘടനയ്ക്ക് ശക്തമായ ശ്രമം
വരുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ ശക്തമാക്കുന്നു. എസ്പിയുമായി അഭിപ്രായവ്യത്യാസം തുടരുമ്പോള്‍ തന്നെയാണ് പാര്‍ട്ടി അടിത്തറ ശക്തമാക്കാന്‍ ഒരുങ്ങുന്നത്. എസ്പി സഖ്യം ഒഴിവാക്കി ഒറ്റയ്ക്ക് പോരാടാനും പദ്ധതി തയ്യാറാക്കിയേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പി 37 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് വിജയിച്ചത് വെറും ആറ് സീറ്റില്‍ മാത്രമാണ്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.
2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. യുപി കോണ്‍ഗ്രസ് പുനസംഘടനയാണ് ആദ്യം ലക്ഷ്യമാക്കുന്നത്. റായ്ബറേലിയിൽ നിന്നുള്ള എംപി കൂടിയായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്തിടെ ഡൽഹിയിൽ യുപിസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് റായി എന്നിവർ ലഖ്‌നൗവിൽ ക്യാമ്പ് ചെയ്ത് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കണ്ട് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്.
പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ചോദ്യാവലി നല്‍കിയിട്ടുണ്ട്. ഇതിന് കൃത്യമായ ഉത്തരം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനാ പശ്ചാത്തലം, പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എല്ലാം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പാര്‍ട്ടി സ്ഥാനാർത്ഥികളുടെ വിജയ സാധ്യത വിലയിരുത്തുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. എൻഡിഎയുടെ 36 സീറ്റുകളിൽ എസ്പിയും ഭരണകക്ഷിയായ ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. അയോധ്യയിലെ മിൽകിപൂർ അസംബ്ലി മണ്ഡലത്തിലേക്ക് ഫെബ്രുവരി 5 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് കോൺഗ്രസ് എസ്പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ ഒമ്പത് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെച്ചൊല്ലി എസ്പിയുമായി കോണ്‍ഗ്രസിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇതോടെ ഒന്‍പത് സീറ്റുകളില്‍ ഏഴു സീറ്റിലും ബിജെപിയാണ് വിജയം കൊയ്തത്. പക്ഷെ ഈ വര്‍ഷം സംഘടന ശക്തമാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here