ജയപ്രദ ഒളിവിലെന്ന് കോടതി; അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദ്ദേശം
ഡൽഹി: നടിയും മുൻ എംപിയുമായ ജയപ്രദക്കെതിരെ കടുത്ത നടപടിയുമായി യുപി റാംപൂര്‍ കോടതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളുടെ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് ജയപ്രദ ഒളിവിലാണെന്ന് പ്രത്യേക കോടതി പ്രഖ്യാപിച്ചു. ജയപ്രദയെ അറസ്റ്റ് ചെയ്ത് മാർച്ച് ആറിന് കോടതിയിൽ ഹാജരാക്കണമെന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടു.
ജയപ്രദ അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും മൊബൈൽ ഫോൺ നമ്പരുകളെല്ലാം സ്വിച്ച് ഓഫ് ആണെന്നും കോടതിയിൽ പോലീസ് വ്യക്തമാക്കി. തുടർന്നാണ് സർക്കിൾ ഓഫീസറുടെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിച്ച് ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ രാംപൂർ പോലീസ് സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായിരിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ്. ഏഴ് തവണ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടും ജയപ്രദ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് പ്രത്യേക കോടതി അവർക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. 2004ലും 2009ലും സമാജ്വാദി പാർട്ടി ടിക്കറ്റിൽ രാംപൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് സമാജ്വാദി പാർട്ടി പുറത്താക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here