കേരളത്തിന് കൈത്താങ്ങുമായി യുപി; വയനാട് പുനരധിവാസത്തിന് 10 കോടി
ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിന് കൈത്താങ്ങുമായി ഉത്തർ പ്രദേശ്. ദുരന്തമേഖലയിലെ പുരനരധിവാസ പ്രവര്‍ത്തനത്തിന് പത്ത് കോടി രൂപ അനുവദിച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. സഹായം അഭ്യര്‍ത്ഥിച്ച് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം യോഗിക്ക് കത്തെഴുതിയിരുന്നു.
വയനാട്ടിലുണ്ടായ ദുരന്തത്തിൽ സർക്കാർ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് ഗവർണർക്കയച്ച മറുപടി കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ശനിയാഴ്ച പൂര്‍ത്തിയായി. ശനിയാഴ്ച ഉച്ചയോടെ ക്യാമ്പിൽ കഴിഞ്ഞിരുന്ന 728 കുടുബങ്ങളെ മാറ്റി താമസിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത വാടകവീടുകള്‍, ദുരന്തബാധിതര്‍ സ്വന്തം നിലയില്‍ കണ്ടെത്തിയ വാടകവീടുകള്‍, ബന്ധുവീടുകള്‍, സ്വന്തം വീടുകള്‍ എന്നിവിടങ്ങളിലേക്ക് 2569 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മാറിതാമസിച്ചത്. കഴിഞ്ഞമാസം 30ന് പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 420ലേറെ ആളുകൾ മരിച്ചതായിട്ടാണ് അനൗദ്യോഗിക കണക്കുകൾ. നൂറിലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here