ആംബുലൻസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; രോഗിയായ ഭർത്താവിനെ പുറത്തേക്കെറിഞ്ഞു

രോഗബാധിതനായ ഭർത്താവിനെയും കൊണ്ട് ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങിയ യുവതിക്കുനേരെ ലൈംഗികാതിക്രമം. ആംബുലൻസ് ഡ്രൈവറും സഹായിയും ചേർന്നാണ് യുവതിയെ ആക്രമിച്ചത്. ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിച്ച യുവതിയെയും ഗുരുതരാവസ്ഥയിലായ ഭർത്താവിനെയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഉത്തർപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

ഓഗസ്റ്റ് 30 ന് ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്നഗർ ജില്ലയിലാണ് സംഭവം നടന്നത്. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് യുവതി ഭർത്താവ് ഹരീഷിനെ അടുത്തുള്ള ബസ്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. എന്നാൽ, രോഗാവസ്ഥ വഷളായതോടെ അവിടുത്തെ ഡോക്ടർ ഹരീഷിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ ചികിൽസിക്കുന്നതിനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ ഭർത്താവിനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങാൻ യുവതി തീരുമാനിച്ചു.

ഭർത്താവിനെ കൊണ്ടുപോകാനായി ആംബുലൻസ് വിളിച്ചുവരുത്തി. ആംബുലന്‍സില്‍ തന്റെയൊപ്പം മുൻ സീറ്റിൽ ഇരിക്കാൻ ഡ്രൈവർ യുവതിയെ നിർബന്ധിച്ചു. യാത്ര തുടങ്ങിയതിനു പിന്നാലെ ഡ്രൈവറും സഹായിയും ചേര്‍ന്ന് യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങി. യുവതി ബഹളം വയ്ക്കുകയും ലൈംഗികാതിക്രമം തടയാനും ശ്രമിച്ചതോടെ ഡ്രൈവര്‍ വാഹനം നിർത്തി ഇറങ്ങിയശേഷം ഭർത്താവിന് നൽകിയിരുന്ന ഓക്സിജന്‍ മാസ്ക് അഴിച്ചുമാറ്റി. തുടര്‍ന്ന് രോഗിയെയും യുവതിയെയും പുറത്തേക്ക് വലിച്ചെറിഞ്ഞു. യുവതിയുടെ ആഭരണങ്ങളും ഡ്രൈവർ കവരുകയും ചെയ്തു.

ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ആരോഗ്യനില വഷളായി. ഉടന്‍ തന്നെ യുവതി സഹോദരനെ ഫോണില്‍ വിളിച്ച് വിവരങ്ങൾ അറിയിച്ചു. സഹോദരനാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് ഉടൻ സ്ഥലത്തെത്തി യുവതിയുടെ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണമടയുകയായിരുന്നു.

സംഭവത്തിൽ യുവതി ഗാസിപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതി നൽകിയിട്ടും ആംബുലൻസ് ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചില്ലെന്ന് യുവതി ആരോപിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ഉന്നത പോലീസ് മേധാവി ജിതേന്ദ്ര ദുബെ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top