ഉപലോകായുക്ത രാജിവയ്ക്കുന്നു; ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് അവധിയിൽ പോയി; അപ്രതീക്ഷിത തീരുമാനം പുതിയ ലോകായുക്ത സ്ഥാനമേറ്റതിന് പിന്നാലെ
സംസ്ഥാന ഉപലോകായുക്ത ഹറൂൺ ഉൽ റഷീദ് നീണ്ട അവധിയിലേക്ക്. 45 ദിവസത്തെഅവധി തീരുന്ന മുറയ്ക്ക് രാജിവെക്കുമെന്ന് അദ്ദേഹം ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 2014ൽ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ന്യായാധിപനാണ് ഇദ്ദേഹം.
ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എൻ അനിൽ കുമാർ കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോകായുക്തയായി ചുമതയേറ്റത്. അന്നുതന്നെ താൻ അവധിയിൽ പ്രവേശിപ്പിച്ചുവെന്ന് ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് രാജിയിലേക്ക് തന്നെ എത്തിയാൽ, മൂന്നംഗ ലോകായുക്ത സംവിധാനത്തിൽ പിന്നെ ഒരാൾ മാത്രമാകും. മറ്റൊരു ഉപലോകായുക്തയുടെ ഒഴിവിൽ ഇതുവരെ നിയമനം നടത്തിയിട്ടുമില്ല. അഴിമതി തടയാനായി രൂപീകരിച്ച സംവിധാനം ഇത്തരത്തിൽ പ്രവർത്തന രഹിതമാക്കുന്ന അവസ്ഥയാണുള്ളത്.
വ്യക്തിപരമായ കാരണങ്ങൾ മൂലമെന്നാണ് ജസ്റ്റിസ് ഹാറൂണിൻ്റെ വിശദീകരണം. അവധികാലാവധി അവസാനിച്ച ശേഷം ഓഫീസിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞതായി ‘ദ ഹിന്ദു’വിൽ കെ.എസ്.സുധി റിപ്പോർട്ട് ചെയ്യുന്നു. ഉപലോകായുക്ത പദവിയിൽ ഒന്നരവർഷം കൂടി ബാക്കി നിൽക്കെയുള്ള രാജിയുടെ വ്യക്തമായ കാരണം വെളിവായിട്ടില്ല. ഹാറൂൺ അൽ റഷീദ് ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെ റജിസ്ട്രാറായി സേവനം അനുഷ്ഠിച്ചയാളാണ് പുതിയ ലോകായുക്ത ജസ്റ്റിസ് അനിൽ കുമാർ. ഇത് പരിഗണിച്ചാൽ നിയമനത്തിൽ സീനിയോറിറ്റി പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്.
അവധി അപേക്ഷ ഗവർണർക്ക് മുന്നിൽ ഉടൻ എത്തുമെന്നാണ് അറിയുന്നത്. രണ്ട് ഉപലോകായുക്തമാരും ഇല്ലാതാകുന്ന അവസ്ഥയിൽ ലോകായുക്ത സംവിധാനത്തിൻ്റെ തന്നെ പ്രവർത്തനം പ്രതിസന്ധിയിലാകും. ഡിവിഷണൻ ബഞ്ച് പരിഗണിക്കേണ്ട വിഷയങ്ങൾ അനന്തമായി നീട്ടിവയ്ക്കേണ്ടിവരും. കേസുകൾ തീർപ്പാക്കുന്നതിലും വല്ലാത്ത കാലതാമസം ഉണ്ടാകും. ഇതെല്ലാം ലോകായുക്തയെ ആകെ താളംതെറ്റിക്കും.
ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത ആയി സേവനം നടത്തിയ കാലഘട്ടം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗത്തെക്കുറിച്ച് നൽകിയ പരാതി തീർപ്പാക്കാതെ മൂന്നുവർഷം നീട്ടിക്കൊണ്ടു പോകുകയും ഒടുവിൽ ഫുൾ ബഞ്ചിന് വിടുകയും ചെയ്തതെല്ലാം മുൻപെങ്ങുമില്ലാത്ത രാഷ്ട്രിയവിവാദത്തിലേക്ക് ലോകായുക്തയെ കൊണ്ടെത്തിച്ചു. ഇതിനൊപ്പമാണ്, അധികാരങ്ങൾ വെട്ടിക്കുറച്ച് കൊണ്ടുള്ള നിയമനിർമാണം സർക്കാർ നടത്തിയതും. ഇതുപ്രകാരം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ലോകായുക്ത എടുക്കുന്ന ഏത് തീരുമാനത്തിലും മുഖ്യമന്ത്രിക്ക് ഇടപെടാം എന്നതാണ് സ്ഥിതി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here