താരങ്ങൾ വെബ് സീരീസുകളിലേക്ക്; സംവിധായകരും ആദ്യ പരീക്ഷണത്തിന്; മലയാളത്തിൽ ഒരുങ്ങുന്നത് ഒരു ഡസനിലേറെ സീരീസുകൾ
സോന ജോസഫ്
“ഷിജു, പാറയിൽ വീട്, നീണ്ടകര”… ഈ മേൽവിലാസം അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. കൊലയാളിയെ പിടികൂടാന്‍ പോലീസിന് ലഭിച്ച ഒരേയൊരു തെളിവ്. ആ കച്ചിത്തുരുമ്പില്‍ തുടങ്ങി ആറ് എപ്പിസോഡുകളിലായി പ്രേക്ഷകരെ പിടിച്ചിരുത്തിയ ക്രൈം ത്രില്ലര്‍. അഹമ്മദ് കബീർ സംവിധാനം ചെയ്ത മലയാളത്തിലെ ജനപ്രീതി നേടിയ വെബ് സീരിസായ കേരള ക്രൈം ഫയൽസിന്റെ സ്വാധീനം അത്ര ചെറുതായിരുന്നില്ല.
മലയാളത്തില്‍ വെബ് സീരീസ് പരീക്ഷണം തുടങ്ങുന്നത് 2019ലാണ്. മലയാളത്തിലെ ആദ്യ വെബ് സീരീസായ ‘മേനക’ മനോരമ മാക്സിലൂടെയാണ് റിലീസ് ചെയ്തത്. രണ്ട് സീസണുകളിലായി ഇറക്കിയ ഒരു പെര്‍ഫെക്ട് ക്രൈം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍. ഇതിന് പിന്നാലെയാണ് ലാല്‍, അജു വര്‍ഗീസ് ചേര്‍ന്നഭിനയിച്ച കേരള ക്രൈം ഫയല്‍സ് ഈ വര്‍ഷം ജൂണില്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീം ചെയ്തത്. അങ്ങനെ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മലയാള സംവിധായകര്‍. പലരും അവരുടെ ആദ്യത്തെ വെബ് സീരിസ് പരീക്ഷണത്തിലാണ്. കേരള ക്രൈം ഫയൽസിന് ലഭിച്ച സ്വീകാര്യത തന്നെയാണ് വെബ് സീരീസുകള്‍ നിര്‍മ്മിക്കാനുള്ള ആത്മവിശ്വാസം.
രണ്ട് മണിക്കൂറിനുള്ളില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത കഥകൾ പല ഘട്ടങ്ങളിലായി വെബ് സീരിസിലൂടെ പറയാം എന്നതാണ് പ്രധാനമായും സംവിധായകരെ ആകര്‍ഷിച്ചത്. സിനിമ ആയാലും വെബ് സീരീസ് ആയാലും ചിലവില്‍ വലിയ വ്യത്യാസങ്ങളില്ല. വലിയ താരനിര ഉള്ളതാണെങ്കില്‍ ചിലവ് കൂടാനാണ് സാധ്യത എന്ന് വെബ് സീരിസില്‍ സജീവമായ ഒരു പ്രമുഖ നിര്‍മ്മാതാവ് അഭിപ്രായപ്പെട്ടു.
വെബ് സീരീസ് ട്രെന്‍ഡിനോടൊപ്പം ചേരുകയാണ് മലയാളത്തിലെ മുന്‍നിര സിനിമാ താരങ്ങളും. നിത്യ മേനോൻ, ഷറഫുദ്ധീൻ, രണ്‍ജി പണിക്കർ, അശോകൻ, മാല പാർവതി, ശാന്തി കൃഷ്ണ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന വെബ് സീരീസാണ് മാസ്റ്റർപീസ്. ഒരു തെക്കൻ തല്ലു കേസിലൂടെ സംവിധായകനായി ശ്രദ്ധ നേടിയ എൻ.ശ്രീജിത്തിന്റെ ആദ്യ വെബ് സീരിസ് പരീക്ഷണമാണിത്. ഒക്ടോബർ 25ന് പ്രേക്ഷകരിലേക്ക് എത്തുന്ന സീരിസ്, ഫാമിലി എന്റര്‍ടേനര്‍ ഗണത്തിൽപെടും. അഞ്ച് എപ്പിസോഡുകളുള്ള ഒറ്റ സീസണ്‍ ആണ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നത്.
വലിയ താരനിരയുണ്ടെങ്കിലും ഹോട്സ്റ്റാറിലെ തന്നെ ഏറ്റവും ചെറിയ ബഡ്ജറ്റിൽ ചെയ്ത സീരീസായി മാസ്റ്റർപീസ് മാറുമ്പോൾ, ഹോട്സ്റ്റാറിലൂടെ ജനങ്ങളിലേക്കെത്തുന്ന ബിഗ് ബഡ്ജറ്റ് സീരിസ് ആയിരിക്കും 1000+ബേബിസ്. നജീം കോയ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ,167 രാജ്യങ്ങളിലാണ് ഒരേ സമയം പ്രേക്ഷകരിലെത്തുന്നത്.
“ഇത് തന്നെയാണ് വെബ്സീരീസിന്റെ ഗുണവും. സിനിമയെക്കൾ മുകളിലാണ് വെബ് സീരീസ്. അത് ഒരു നോവൽ പോലെയാണ്. പറയേണ്ട കഥകൾ സമയമെടുത്ത് പല ഘട്ടങ്ങളിലായി കൃത്യമായി നിർവ്വഹിക്കാൻ സാധിക്കും”- നജീം കോയ പറഞ്ഞു. മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ നിന്നുള്ള ഒട്ടേറെ അഭിനേതാക്കൾ അഭിനയിക്കുന്നുണ്ട്. റഹ്മാനും നീന ഗുപതയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണം നടക്കുകയാണ്. 2024ഓടെ പൂർത്തിയാക്കാനിരിക്കുന്ന സീരിസിന് നാല് സിനിമകളുടെ അധ്വാനം വേണ്ടിവരുമെന്ന് നജീം കൂട്ടിച്ചേർത്തു.
സോണിലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിനൊരുങ്ങുന്ന ആദ്യ മലയാള വെബ് സീരിസ് ആണ് ജയ് മഹേന്ദ്രന്‍. ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്യുന്ന സീരിസിൽ സൈജു കുറുപ്പാണ് പ്രധാന താരം. ഫീൽ ഗുഡ് സബ്ജക്ടാണ്. രചനയും നിർമ്മാണവും രാഹുൽ റിജി നായർ ആണ്. “മനസ്സിലുണ്ടായിരുന്ന കഥ കിട്ടിയപ്പോൾ ചെയ്തു. പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്.” – ശ്രീകാന്ത് പറഞ്ഞു. സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥ മേധാവിത്തമാണ് വിഷയം.
സിനിമയിൽ പരീക്ഷിച്ചാലും ജനങ്ങൾ ഏറ്റെടുക്കുമോ എന്ന് സംശയമുള്ള ഡാർക്ക് കോമഡിയാണ് വെബ് സീരീസിലൂടെ ആദ്യ പരീക്ഷണമായി എടുത്തിരിക്കുന്നതെന്ന് നിതിൻ രണ്‍ജി പണിക്കർ പറയുന്നു. നിതിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മധുവിധു’ അടുത്ത വർഷം ആദ്യം റിലീസ് ചെയ്യും. നിതിന്‍ തന്നെയാണ് സീരീസിന്‍റെ രചനയും നിര്‍മ്മാണവും നിർവഹിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രശാന്ത് അലക്സാണ്ടർ, ഗ്രേസ് ആന്റണി, ശ്വേത മേനോൻ, നിരഞ്ജന അനൂപ്, കനി കുസൃതി, അമ്മു അഭിരാമി, അൽഫി പഞ്ഞിക്കാരൻ തുടങ്ങിവരാണ് അഭിനയിക്കുന്നത്.
“വെബ് സീരീസ് അഭിനയം രസമാണ്. കഥാപാത്രങ്ങളെ കൂടുതല്‍ ആഴത്തില്‍ പരിചയപ്പെടുത്താനും ക്രിയാത്മകമായി ചെയ്യാനും സാധിക്കും. സിനിമകളില്‍ മിക്കപ്പോഴും സഹതാരങ്ങള്‍ക്ക് സ്ക്രീന്‍ സ്പേസ് കുറവായിരിക്കും. എന്നാല്‍ സീരീസുകളില്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയും”, മാല പാര്‍വതി പറയുന്നു. തന്‍റെ ആദ്യ വെബ് സീരീസ് മാസ്റ്റര്‍പീസ് ഈ ആഴ്ച ഹോട്സ്റ്റാറില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന തമിഴ് വെബ് സീരീസിൻ്റെ ചിത്രീകരണത്തിലാണിപ്പോള്‍. മീഡിയം ഏതായാലും അഭിനയിക്കാനാണ് ഇഷ്ടമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിവിൻ പോളിയെ നായകനാക്കി പി.ആർ അരുൺ സംവിധാനം ചെയ്യുന്ന ഫാർമ, റിമ കല്ലിങ്കൽ അഭിനയിക്കുന്ന രതീന പി.ടിയുടെ വെബ് സീരിസ്, നീരജ് മാധവ്, അജു വർഗീസ്, ഗൗരി കൃഷ്ണൻ എന്നിവർ ചേർന്ന് അഭിനയിക്കുന്ന വിഷ്ണു രാഘവിൻ്റെ ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്നിങ്ങനെ നീണ്ടു കിടക്കുകയാണ് റിലീസിനൊരുങ്ങുന്ന വെബ് സീരീസുകളുടെ ലിസ്റ്റ്.
അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ കേരള ക്രൈം ഫയൽസിൻ്റെ അടുത്ത സീസൺ എപ്പോഴുണ്ടാകും? ആദ്യ സീസണിലെ കഥ അവസാനിച്ചു. രണ്ടാം സീസണിന്റെ എഴുത്ത് പുരോഗമിക്കുകയാണ്. ഡിസംബറിൽ അനൗൺസ്മെന്റ് ഉണ്ടാകും. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ഹോട്സ്റ്റാറിലെ ആദ്യ മലയാള വെബ് സീരീസ് സംവിധായകൻ എന്ന തലക്കെട്ട് ലഭിക്കുമ്പോഴും തീയേറ്ററിൽ പോയി സിനിമ കാണുന്നതാണ് പണ്ടുമുതലുള്ള ഹരം എന്ന് അഹമ്മദ് കബീർ പറയുന്നു.
നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത ഗണ്‍സ് ആന്‍ഡ് ഗുലാബ്സിലൂടെ ദുല്‍ഖര്‍ സല്‍മാൻ, ആമസോണ്‍ പ്രൈമിലെ ഫാമിലി മാനിലൂടെ നീരജ് മാധവും പ്രിയാമണിയും… അങ്ങനെ മലയാളി താരങ്ങൾ പലരും മുൻപേ ബോളിവുഡ് വഴി വെബ് സീരീസ് ലോകത്തെത്തിക്കഴിഞ്ഞിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here