സിപിഎമ്മിലും മാണി ഗ്രൂപ്പിലും എതിര്‍പ്പ്; മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രേംജിത്ത് പുറത്ത് തന്നെ; പദവി തിരികെ നല്‍കുമെന്ന് ജയരാജന്‍

തിരുവനന്തപുരം: മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാനായ കേരള കോണ്‍ഗ്രസ് (ബി)യിലെ കെ.ജി.പ്രേംജിത്തിന് പദവി തിരികെ നല്‍കിയില്ല. പ്രേംജിത്തിനെ മാറ്റിയ തീരുമാനം ഈ മാസം നാലിന് ഇറങ്ങിയെങ്കിലും എതിര്‍പ്പുമായി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത് വന്നതോടെ അന്ന് രാത്രി തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് തീരുമാനം മരവിപ്പിച്ചിരുന്നു. പക്ഷെ ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രേംജിത്തിന് പദവി തിരികെ നല്‍കി ഉത്തരവിറങ്ങിയില്ല.

സിപിഎമ്മിലും കേരള കോണ്‍ഗ്രസ് എമ്മിലും ഗണേഷിനോട് നിലനില്‍ക്കുന്ന എതിര്‍പ്പാണ് ഉത്തരവിറങ്ങാന്‍ വൈകുന്നതെന്ന് സൂചനയുണ്ട്. സര്‍ക്കാരിന്നെതിരെ നടത്തിയ തുടരന്‍ പ്രസ്താവനകള്‍ ഗണേഷിനോട് സിപിഎമ്മിനുള്ളില്‍ എതിര്‍പ്പ് ഉണ്ടാക്കിയപ്പോള്‍ സോളാര്‍ പീഡനക്കേസിലെ കത്തില്‍ ജോസ് കെ മാണിയുടെ പേര് എഴുതി ചേര്‍ത്തതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന ആരോപണമാണ് ജോസ് കെ മാണിയെയും കൂട്ടരേയും ഗണേഷിനെതിരെ തിരിച്ചത്.

ഈ മാസം നാലിനാണ് പ്രേംജിത്തിനെ മാറ്റി കോര്‍പറേഷനില്‍ അഴിച്ച് പണി നടത്തിയത്. ഉത്തരവ് ഇറങ്ങിയതിന് തൊട്ടുപിന്നാലെ എതിര്‍പ്പുമായി കെ.ബി.ഗണേഷ് കുമാര്‍ രംഗത്ത് വന്നിരുന്നു. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് അന്ന് തന്നെ ഗണേഷ് കത്തും നല്‍കി. ഇതോടെ പ്രശ്നം മുഖ്യമന്ത്രിയുടെ മുന്നിലെത്തി. തീരുമാനം മരവിപ്പിച്ചതായി അറിയിപ്പും വന്നു. എന്നാല്‍ പദവി തിരികെ നല്‍കിയില്ല.

പ്രേംജിത്തിനെ മാറ്റി എം രാജഗോപാലൻ നായരെയാണ് പുതിയ ചെയർമാനാക്കിയത്. എന്നാല്‍ എതിര്‍പ്പ് വന്നതോടെ രാജഗോപാലന്‍ നായരോട് തത്ക്കാലം ചുമതല ഏല്‍ക്കേണ്ടെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. അതിനാല്‍ അദ്ദേഹം ചുമതലയേറ്റില്ല. പുതിയ ഉത്തരവ് ഇറങ്ങാത്തതിനാല്‍ പ്രേംജിത്തിന് പദവി തിരികെ ലഭിച്ചതുമില്ല. : മുന്നോക്ക സമുദായ കോര്‍പ്പറേഷനില്‍ വന്നത് രാജഗോപാലന്‍ നായരെ കോര്‍പറേഷന്‍ ചെയര്‍മാനാക്കിയ ഉത്തരവാണ്. തീരുമാനം മരവിപ്പിച്ച കാര്യമൊന്നും കോര്‍പറേഷന്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുമില്ല.

ഗണേഷ് കുമാറിന്റെ എതിര്‍പ്പ് പരിഗണിച്ച് പ്രേംജിത്തിന് തന്നെ പദവി തിരികെ നല്‍കുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. തീരുമാനത്തില്‍ മാറ്റമൊന്നും പറഞ്ഞിട്ടില്ല. പ്രേംജിത്ത് തന്നെ പദവിയില്‍ തിരികെ എത്തും-ജയരാജന്‍ പറഞ്ഞു. പക്ഷെ ഒരു മാസമായിട്ടും ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നു ചോദിച്ചപ്പോള്‍ അതിന്റെ കാരണം തനിക്കറിയില്ലെന്നും ഉദ്യോഗസ്ഥ തലത്തിലുണ്ടായ താമസമായിരിക്കും കാരണമാകുന്നതെന്നും ജയരാജന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top