അയോഗ്യയാക്കാന്‍ അധികാരമില്ലെന്ന് പൂജ; അറസ്റ്റ് വീണ്ടും നീളും
വ്യാജ തിരിച്ചറിയൽ രേഖാ കേസിൽ അറസ്റ്റ് ചെയ്യരുതെന്ന ആവശ്യത്തിൽ മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കറിന് ഡൽഹി ഹൈക്കോടതിയിൽ നിന്നും വീണ്ടും ആശ്വാസം. മുമ്പ് ആഗസ്റ്റ് 21വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലിസിനോട് നിർദേശിച്ചിരുന്നു. ഈ സമയപരിധി സെപ്റ്റംബർ അഞ്ചുവരെ നീട്ടി. നേരത്തേ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഡൽഹിയിലെ കീഴ്കോടതി ഖേദ്കറിന് മുൻകൂർ ജാമ്യം നൽകാൻ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.
തന്നെ അയോഗ്യയാക്കാന്‍ യുപിഎസ്‌സിക്ക് അധികാരമില്ലെന്നും കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെൻ്റിന് (ഡിഒപിടി) മാത്രമേ നടപടി എടുക്കാനാകൂ എന്നും പൂജ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരെ യുപിഎസ്‌സി ഉന്നയിച്ച വ്യാജ രേഖകളുടെയും വഞ്ചനയുടെയും ആരോപണങ്ങൾ പൂജ ഖേദ്കർ നിഷേധിച്ചു. 2012 മുതൽ 2022 വരെ തൻ്റെ പേരോ കുടുംബപ്പേരോ മാറ്റുകയോ വിവരങ്ങളില്‍ കൃത്രിമം കാട്ടുകയോ തെറ്റായി അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കോടതിയിൽ അവകാശപ്പെട്ടു.
വ്യാജ ഐഡൻ്റിറ്റി ഉപയോഗിച്ച് സിവിൽ സർവീസ് പരീക്ഷ എഴുതിയതിന് ക്രിമിനൽ കേസുൾപ്പെടെ നിരവധി കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സിവിൽ സർവിസ് നേടിയ പൂജയുടെ ഐഎഎസ് ജൂലൈ 31ന് യുപിഎസ്‌സി റദ്ദാക്കുകയും പരീക്ഷകളിൽ നിന്ന് വിലക്കുകയും ചെയ്‌തിരുന്നു. 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ അവരുടെ പേര്, അച്ഛന്റെയും അമ്മയുടെയും പേരുകൾ, സ്വന്തം ഫോട്ടോ, ഒപ്പ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം എന്നിവ ഉൾപ്പെടെയുള്ളവ വ്യാജമായി നൽകി ഒബിസി, വികലാംഗര്‍ എന്നിവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങൾ നേടിയെന്നാണ് ആരോപണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here