‘വികസിത ഇന്ത്യ ലക്ഷ്യമാക്കി ഏകീകൃത സിവിൽ കോഡും ഒറ്റ തിരഞ്ഞെടുപ്പും’; ഉടൻ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം മുന്നേറാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേലിൻ്റെ 149-ാം ജന്മവാർഷിക ദിനത്തിൽ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പാർലമെൻ്റ്, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളെല്ലാം ഒറ്റ ദിവസത്തിലോ നിശ്ചിത സമയപരിധിക്കുള്ളിലോ ഒന്നിച്ച് നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന നിർദ്ദേശം ഉടൻ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഏകീകൃത സിവിൽ കോഡും ഉടൻ യാഥാർത്ഥ്യമാകും. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എന്നെന്നേക്കുമായി ഇല്ലാതാക്കി. ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ആദ്യമായി ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. ഈ കാഴ്ചകൾ ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ചവരെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നുണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
”രാജ്യത്തെ ഏകീകരിക്കാനാണ് ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയങ്ങളുമെല്ലാം. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ഇത് ശക്തമാക്കും. രാജ്യത്തെ വിഭവങ്ങളിൽ നിന്ന് പരമാവധി നേട്ടമുണ്ടാക്കി വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രിക്കുന്നത്. യൂണിഫോം സിവിൽകോഡ് എന്നതിലൂടെ ഒരു മതേതര സിവിൽകോഡ് ഉറപ്പാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്” – -പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ വിഭജിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു. അർബന് നക്സലുകളുടെ ഈ കൂട്ടായ്മയെ തിരിച്ചറിയണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വനങ്ങൾ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരുന്ന ആയുധധാരികളുടെ നക്സലിസം അവസാനിപ്പിക്കാനായി. എന്നാൽ അപ്പോഴാണ് അർബൻ നക്സലുകളുടെ വരവ്. വ്യാജമുഖംമൂടി ധരിച്ച് രാജ്യത്തെ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയണമെന്നും മോദി പറഞ്ഞു.
സർദാർ വല്ലഭായ് പട്ടേലിന്റെ നൂറ്റമ്പതാം ജന്മദിനം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ സംഭാവനകൾ അതുല്യമാണ്. സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ഇന്ത്യ തമ്മിലടിച്ച് തകരുമെന്ന് കരുതിയവർക്ക് മുന്നിൽ ഐക്യം സാധ്യമാക്കി. ഈ സർക്കാറിന്റെ എല്ലാ പ്രവർത്തനങ്ങളിലും, പദ്ധതികളിലും ദേശീയ ഐക്യം പ്രകടമാണെന്നും മോദി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here