രാവിലെ ഉണര്‍ന്നയുടന്‍ യൂറിന്‍ തെറാപ്പി ചെയ്യുമെന്ന് കൊല്ലം തുളസി; സിനിമയിലെ പല പ്രമുഖരും ഇത് ചെയ്യുന്നെന്ന് വെളിപ്പെടുത്തല്‍; എതിര്‍പ്പുമായി ഐഎംഎ രംഗത്ത്
തിരുവനന്തപുരം: യൂറിന്‍ തെറാപ്പി ഫലപ്രദമാണെന്ന് സിനിമാ താരം കൊല്ലം തുളസി. താന്‍ അതിന്റെ അനുഭവസ്ഥനാണ്. രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ മൂത്രം കുടിക്കും. വൈകീട്ടും മൂത്രം കുടിക്കും. കാന്‍സര്‍ ബാധിച്ചിട്ട് 12 വര്‍ഷം കഴിഞ്ഞിട്ടും ജീവനോടെയിരിക്കുന്നത് യൂറിന്‍ തെറാപ്പിയുടെ ബലത്തിലാണ്. പണമില്ലാ ചികിത്സയായതിനാലാണ് ഇത് എതിര്‍ക്കപ്പെടുന്നത്. – കൊല്ലം തുളസി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
“12 വര്‍ഷം കഴിഞ്ഞിട്ടും സിനിമാ ഫീല്‍ഡില്‍ കാന്‍സറിനെ അതിജീവിച്ചവര്‍ ആരുമില്ല. കാന്‍സര്‍ ബാധിച്ച ജഗന്നാഥവര്‍മയും മച്ചാന്‍ വര്‍ഗീസും ഇന്നസെന്റുമൊക്കെ മരണത്തിന് കീഴടങ്ങി. ഞാന്‍ ഇവരോട് മൂത്രം കുടിക്കാന്‍ പറഞ്ഞതാണ്. ഇത് അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാന്‍ പറയുന്നത്. സിനിമാ രംഗത്തുള്ള പല പ്രശസ്തരും യൂറിന്‍ തെറാപ്പി ചെയ്യുന്നവരാണ്. അവരത് പുറത്ത് പറയുന്നില്ല എന്നേയുള്ളൂ. നടന്‍ ശ്രീനിവാസന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.” – കൊല്ലം തുളസി പറഞ്ഞു. യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനം മേയ് 26ന് തൃശൂരില്‍ നടക്കാനിരിക്കെയാണ് തുളസിയുടെ അഭിപ്രായപ്രകടനം.
പത്ത് വര്‍ഷമായി യൂറിന്‍ തെറാപ്പിയുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ ടി.ജി.ചന്ദ്രപാല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “മൂത്ര ചികിത്സയില്‍ ഓണ്‍ലൈന്‍ ക്ലാസുകളും നടത്തുന്നുണ്ട്. പതിനായിരത്തോളം പേര്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അടക്കം പങ്കെടുക്കുന്നുണ്ട്. മൂത്രം ശരീരം പുറന്തള്ളുന്നതാണ്. പക്ഷെ മുലപ്പാലും ബീജവുമൊക്കെ ശരീരത്തില്‍ നിന്നും വരുന്നതല്ലേ. ആളുകള്‍ സ്വയം പരീക്ഷിച്ചാണ് ഈ രീതി പിന്തുടരുന്നത്. ” – ചന്ദ്രപാല്‍ പറഞ്ഞു.
യൂറിന്‍ തെറാപ്പിക്ക് ശാസ്ത്രീയ അടിത്തറയില്ല. ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുമില്ല. മന്ത്രവാദം പോലെ ആളുകളെ കബളിപ്പിക്കുന്ന പരിപാടിയാണിത്-ഐഎംഎ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. ജി.എസ്.വിജയകൃഷ്ണന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പരിഷ്കൃത സമൂഹത്തില്‍ ഇത്തരം ചികിത്സാ രീതികള്‍ക്ക് ഒരടിസ്ഥാനവുമില്ല. യൂറിന്‍ തെറാപ്പിപോലുള്ളവ സര്‍ക്കാര്‍ നിരോധിക്കണം. – ഡോ. വിജയകൃഷ്ണന്‍ പറഞ്ഞു.
യൂറിന്‍ തെറാപ്പി വഴി അസുഖം ഭേദമാകുന്നുവെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിച്ചിട്ടില്ല. മൂത്രമല്ലേ, കുടിച്ചാലെന്താ എന്നൊക്കെ കരുതി അബദ്ധത്തില്‍ ചാടുന്നവരും ഒരുപാടുണ്ട്. ശരീരത്തില്‍ നിന്നും , മാലിന്യമായി പോകുന്ന മൂത്രത്തെ വീണ്ടും ശരീരത്തില്‍ തിരിച്ചെത്തിക്കുന്നത് എന്തിന് എന്ന ചോദ്യവും സാമൂഹിക അന്തരീക്ഷത്തിലുണ്ട്. മൂത്ര ചികിത്സയെ അനുകൂലിച്ചും എതിര്‍ത്തുമൊക്കെ വാദങ്ങളുമുണ്ട്. യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനം ഞായറാഴ്ച തൃശൂരില്‍ നടക്കാനിരിക്കെയാണ് വീണ്ടും മൂത്ര ചികിത്സയെക്കുറിച്ച് വീണ്ടും വിവാദം ഉയരുന്നത്.
മേയ് 26ന് തൃശൂര്‍ റൗണ്ട് വെസ്റ്റിലെ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സമ്മേളനം ‘യൂറിന്‍ തെറാപ്പി’ പുസ്തക പ്രകാശനവും ഈ ചടങ്ങിലുണ്ട്. കൊല്ലം തുളസി ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോള്‍ തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസാണ് മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കുന്നത്. മൂത്രത്തിന്റെ ഔഷധ ഗുണവും ശാസ്ത്രീയതയും തെളിയിക്കുന്നതിനായി ചര്‍ച്ചകളും അനുഭവവിവരണങ്ങളും സമ്മേളനത്തിലുണ്ട്. വാട്ടര്‍ ഓഫ് ലൈഫ് ഫൗണ്ടേഷനാണ് സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നത്.