മാർച്ചിൽ തുടക്കമിട്ട വിവാഹാഘോഷം, ഇന്ന് താലികെട്ട്; അത്യാഡംബരത്തിന് ചെലവ് 5000 കോടി

റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള ആഡംബര വിവാഹം ഇന്ന് നടക്കും. മുംബൈയിലെ ജിയോ വേൾഡ് സെന്ററിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. വിവാഹത്തിൽ പങ്കെടുക്കാനായി കിം കർദാഷിയാൻ, ഷാരൂഖ് ഖാൻ, മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കം രാഷ്ട്രീയ, വ്യവസായ, സിനിമാരംഗത്തു നിന്നുള്ള പ്രമുഖർ മുംബൈയിൽ എത്തിച്ചേർന്നിട്ടുണ്ട്.
അനന്ത്-രാധിക വിവാഹത്തിനായി അംബാനി കുടുംബം ചെലവിടുന്നത് 4000 മുതൽ 5000 കോടിയാണ് എന്നാണ് ഫോബ്സ് റിപ്പോർട്ട്. 123.2 ബില്യൺ ഡോളർ ആസ്തിയുള്ള അംബാനി കുടുംബത്തിന്റെ ആസ്തിയുടെ 0.05 ശതമാനം മാത്രമാണിത്. വിവാഹ ദിനത്തിനുമാത്രം 320 മില്യൻ ഡോളർ (ഏകദേശം 2500 കോടി) ആണ് കുടുംബം ചെലവിടുന്നത്.

വിവാഹത്തിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾക്കായി അംബാനി കുടുംബം മൂന്ന് ഫാൽക്കൺ-2000 ജെറ്റുകൾ വാടകയ്ക്ക് എടുത്തതായാണ് റിപ്പോർട്ട്. ഇതിനു പുറമെ വിവാഹ ആഘോഷങ്ങൾക്കായി 100 സ്വകാര്യ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മാർച്ചിൽ ഗുജറാത്തിലെ ജാംനഗറിലാണ് അനന്തിന്റെയും രാധികയുടെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായത്. മൂന്നുദിവസം നീണ്ടുനിന്ന ആഘോഷങ്ങളിൽ ഗായകരായ റിഹാന, അർജീത് സിങ്, ദിൽജീത് ദോസാൻജ് തുടങ്ങിയവരുടെ സംഗീതനിശയും അരങ്ങേറി. മേയിൽ ഇറ്റലിയിലെ ആഡംബര കപ്പലിലായിരുന്നു രണ്ടാംഘട്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടന്നത്. മേയ് 29ന് ഇറ്റലിയിൽനിന്ന് ആരംഭിച്ച് ജൂൺ ഒന്നിന് ഫ്രാൻസിലെത്തിയ ആഡംബര കപ്പലിലെ ആഘോഷങ്ങളിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

ജൂലൈയിൽ പരമ്പരാഗത വിവാഹ ആഘോഷങ്ങളാണ് നടന്നത്. അതിൽ വധുവിന്റെ അമ്മാവന്മാർ വസ്ത്രങ്ങളും ആഭരണങ്ങളും അടക്കമുള്ള സമ്മാനങ്ങൾ നൽകി ആശീർവദിക്കുന്ന മാമേരു-മൗസുലു ചടങ്ങായിരുന്നു പ്രധാനം. കഴിഞ്ഞ ദിവസങ്ങളിലായി സംഗീത്, ഹൽദി തുടങ്ങിയ ആഘോഷങ്ങളും ആർഭാടമായി നടത്തിയിരുന്നു.

ഇന്ന് വിവാഹം കഴിഞ്ഞാലും ജൂലൈ 14 വരെ ആഘോഷങ്ങൾ തുടരും. നാളെ നടക്കുന്ന ശുഭ് ആശിർവാദ് ദിനത്തിലെ വിരുന്നിൽ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. നാളെ മുംബൈയിൽ ചില പരിപാടികൾക്കായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തേക്കും. ഞായറാഴ്ച നടക്കുന്ന മംഗൾ ഉത്സവ് ദിനത്തിൽ ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here