വസ്ത്രധാരണത്തിൻ്റെ പേരിൽ യുവതിക്ക് ആസിഡ് ആക്രമണ ഭീഷണി; യുവാവിന്റെ ജോലി തെറിച്ചു
മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട് കമ്പനി. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ നികിത് ഷെട്ടി എന്ന യുവാവിന് എതിരെയാണ് ബെംഗളൂരുവിലെ എറ്റിയോസ് ഡിജിറ്റൽ സർവീസസ് കമ്പനി നടപടി എടുത്തത്. കമ്പനിയിലെ ഡെവലപ്മെന്റ് മാനേജറായിരുന്നു നികിത്.
മാധ്യമപ്രവർത്തകൻ ഷഹബാസ് അൻസർ ആണ് യുവാവിനെതിരെ പരാതി നൽകിയത്. ഭാര്യയോട് മാന്യമായ വസ്ത്രം ധരിക്കാൻ പറയണമെന്നും ഇല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് യുവാവ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തത്. ഇതിന്റെ സ്ക്രീൻഷോട്ട് സഹിതം എക്സിലാണ് ഷഹബാസ് അൻസർ ഭീഷണിയെ കുറിച്ച് എഴുതിയത്.
ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എറ്റിയോസ് ഡിജിറ്റൽ സർവീസസിലാണ് യുവാവ് ജോലി ചെയ്യുന്നതെന്നും ഷഹബാസ് എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ സ്ഥാപനത്തിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് താൻ കരുതുന്നില്ലെന്നും കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ഡിജിപി എന്നിവരെ ടാഗ് ചെയ്ത് അദ്ദേഹം എഴുതി.
ഇതിനുപിന്നാലെയാണ് കമ്പനി യുവാവിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടത്. നികിത് റെഡ്ഡിയുടെ പെരുമാറ്റത്തിൽ അഗാധമായ ദുഃഖം ഉണ്ടെന്നും സുരക്ഷിതമായ ജോലിസ്ഥലം ഒരുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. സംഭവത്തിൽ നികിത് ഷെട്ടിക്കെതിരെ കേസെടുത്തതായും കമ്പനി അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here