മുടന്തുള്ള ആളെ നോക്കി ‘പോടാ ഞൊണ്ടി’ എന്നു വിളിക്കുന്നതല്ല ഹ്യൂമര്‍: ഉര്‍വശി

ചിരിപ്പിക്കാന്‍ ഒന്നും കിട്ടാത്തതുകൊണ്ട് അടുത്തിരിക്കുന്നവരെ കളിയാക്കുന്ന തരം ഹ്യൂമര്‍ താന്‍ ചെയ്യില്ലെന്ന് നടി ഉര്‍വശി. സിനിമയിലെ നായകന് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയന്‍ വേഷം വേണം, എന്നാല്‍ താന്‍ ഒരുകാലത്തും അത് ചെയ്യില്ലെന്ന് ഉര്‍വശി പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി നിലപാട് വ്യക്തമാക്കിയത്.

“മുടന്തുള്ള ആളെ നോക്കി ‘പോടാ ഞൊണ്ടി’ എന്നു വിളിക്കുന്നത് ഹ്യൂമറല്ല. അതൊക്കെ ഇപ്പോള്‍ ബോഡി ഷേമിങ് എന്ന് വിളിക്കപ്പെടുമ്പോള്‍ എനിക്ക് സന്തോഷമാണ്. ഞാന്‍ ഒരു ചാനലില്‍ പ്രോഗ്രാമിന് ഇരിക്കുമ്പോള്‍ അത്തരം കോമഡികള്‍ക്ക് മാര്‍ക്കിടാറില്ല. അടുത്തിരിക്കുന്നവരെ കാക്കേ എന്നോ കുരങ്ങാ എന്നോ വിളിച്ചാല്‍ ഞാന്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ആദ്യമേ പറയും. നിങ്ങള്‍ക്ക് ചിരിപ്പിക്കാന്‍ ഒന്നും കിട്ടാത്തതുകൊണ്ട് അടുത്തിരിക്കുന്നവരെ കളിയാക്കാമോ? ഇത് കേട്ടുകൊണ്ടിരിക്കുന്നവന്റെ മക്കള്‍ക്ക് വിഷമം വരില്ലേ? അത് ഞാന്‍ അനുവദിക്കില്ല. അത്തരം ഹ്യൂമര്‍ കുറയണം. ‘ഞങ്ങള്‍ക്ക് കുഴപ്പമില്ല വിളിച്ചോട്ടെ’ എന്ന് ചിലര്‍ പറയും. പക്ഷെ ഞാന്‍ അത് ചെയ്യില്ല,” ഉര്‍വശി പറഞ്ഞു.

സിനിമയിലെ പൊളിറ്റിക്കല്‍ കറക്ടനസും ബോഡി ഷേമിങ്ങും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന കാലത്ത് ഉര്‍വശിയുടെ പ്രതികരണം കൂടുതല്‍ ശ്രദ്ധേയമാകുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ‘ഇപ്പോള്‍ എന്തു പറഞ്ഞാലും ബോഡി ഷേമിങ് ആണ്. തമാശകള്‍ ഒന്നും പറയാന്‍ പറ്റുന്നില്ല, ബോഡി ഷേമിങ് ചെയ്യരുത് എന്ന് നിയമമുണ്ടോ’ എന്ന് ദിലീപിനെ പോലുള്ള നടന്മാര്‍ ചോദിക്കുന്ന സാഹചര്യമുണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top