കാനഡക്ക് പിന്തുണ; ഇന്ത്യയെ ആശങ്കയറിയിച്ച് അമേരിക്കയും ബ്രിട്ടനും

ന്യൂഡൽഹി: കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനുള്ള ഇന്ത്യയുടെ നടപടിയിൽ ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടനും. നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ കാനഡയെ നിര്‍ബന്ധിക്കരുതെന്നാണ് ഇരു രാജ്യങ്ങളുടേയും ആവശ്യം. രാജ്യത്തെ നയതന്ത്ര ഓഫിസുകളിലെ 41 ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചതിന് പിന്നാലെയാണ് കാനഡയ്ക്കു പിന്തുണയുമായി അമേരിക്കയും ബ്രിട്ടനും രംഗത്തെത്തിയത്.

ഇന്ത്യയില്‍നിന്നു കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പോകേണ്ടിവന്നതില്‍ ആശങ്കയുണ്ടെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ രാജ്യത്തുള്ളത് ആവശ്യമാണ്. നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ കാനഡയെ നിര്‍ബന്ധിക്കരുതെന്ന് ഇന്ത്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര ബന്ധം സംബന്ധിച്ച് 1961ലെ വിയന്ന കണ്‍വന്‍ഷന്‍ നിബന്ധനകള്‍ പാലിക്കണമെന്നും മാത്യു മില്ലര്‍ പറഞ്ഞു. 

കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ വിട്ടു പോകേണ്ട തരത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അംഗീകരിക്കുന്നുല്ലെന്ന് ബ്രിട്ടിഷ് വിദേശകാര്യ ഓഫിസ് അറിയിച്ചു. നയതന്ത്ര പരിരക്ഷ പിന്‍വലിക്കാനുള്ള ഏകപക്ഷീയമായ തീരുമാനം വിയന്ന കണ്‍വന്‍ഷന് എതിരാണെന്നും ബ്രിട്ടന്‍ ചൂണ്ടിക്കാട്ടി. 

കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ച് അയയ്ക്കാനുള്ള ഇന്ത്യൻ സർക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്നും ഇത് വിയന്ന കൺവെൻഷന്‍ നിർദേശങ്ങളുടെ ലംഘനമാണെന്നും കഴിഞ്ഞ ദിവസം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളും ആശങ്കപ്പെടേണ്ട കാര്യമാണിതെന്നും ട്രൂഡോ അഭിപ്രായപ്പെട്ടു.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. രാജ്യത്തെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 41 നയതന്ത്രജ്ഞരെ കാനഡ തിരികെ വിളിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top